കഴിഞ്ഞ 100 വർഷമായി ദ്രാവിഡ കഴകവും, പിന്നീട് ഡിഎംകെയും ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഉദയനിധി ഇതേ പ്രത്യയശാസ്ത്ര പാരമ്പര്യത്തിൽ നിന്നുള്ളയാളാണെന്നും കോടതി കൂട്ടിച്ചേർത്തു. വെറുപ്പുളവാക്കുന്ന പ്രസംഗങ്ങൾ നടത്തുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയും, അതിനോട് പ്രതികരിക്കുന്നവർ നിയമനടപടികൾ നേരിടുകയും ചെയ്യുന്ന സാഹചര്യം വേദനാജനകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിൽ ഉദയനിധിക്കെതിരെ കേസുകളൊന്നും എടുക്കാത്തതിനെയും കോടതി വിമർശിച്ചു.
ഉദയനിധിയുടെ പ്രസംഗത്തെ വളച്ചൊടിച്ചു എന്ന് ആരോപിച്ച് അമിത് മാളവ്യക്കെതിരെ എടുത്ത കേസ് കോടതി റദ്ദാക്കി. പ്രസംഗത്തിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥത്തെ ചോദ്യം ചെയ്യുക മാത്രമാണ് മാളവ്യ ചെയ്തതെന്നും അത് കുറ്റകരമല്ലെന്നും കോടതി വിധിയിൽ പറഞ്ഞു. 2023 സെപ്റ്റംബറിലാണ് സനാതന ധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അത് ഇല്ലാതാക്കണമെന്നും ഉദയനിധി പ്രസംഗിച്ചത്. ഇത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.