പ്രധാനമന്ത്രി വെള്ളിയാഴ്ച തിരുവനന്തപുരത്ത്; വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും


തലസ്ഥാന നഗര വികസനവുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി ജെ പി നേടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി നഗരത്തിലെത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചാണ് ഈ സന്ദർശനം.

“വികസിത തിരുവനന്തപുരത്തിന്റെ” ബ്ലൂപ്രിന്റ് പ്രധാനമന്ത്രി പുറത്തിറക്കുമെന്നാണ് സൂചന. ഇത് ബി ജെ പി മുന്നോട്ടുവയ്ക്കുന്ന ‘മിഷൻ കേരള’ പദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും. പുതിയ കേന്ദ്ര സർക്കാർ പദ്ധതികൾ, സ്മാർട്ട് സിറ്റി പദ്ധതിയുടെ അടുത്ത ഘട്ടം, ബൃഹത്തായ മാലിന്യ സംസ്കരണ പദ്ധതി, വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച വികസന കോറിഡോർ എന്നിവ ബ്ലൂപ്രിന്റിൽ ഉൾപ്പെടാനാണ് സാധ്യത.

പരിപാടികളുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് ഉൾപ്പെടെ നാല് പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഔദ്യോഗിക പരിപാടികൾ പുത്തരിക്കണ്ടം മൈതാനത്താണ് നടക്കുക. തുടർന്ന് ബി ജെ പിയുടെ പൊതുസമ്മേളനവും അതേ വേദിയിൽ സംഘടിപ്പിക്കും.

പൊതുസമ്മേളനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഈ സന്ദർശനം സംസ്ഥാനത്ത് പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമാണെന്നും ബി ജെ പി നേതൃത്വം വ്യക്തമാക്കി

Previous Post Next Post