ട്രാഫിക് ഫൈൻ ‘ഓട്ടോ ഡെബിറ്റ്’; പിഴ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കാനുള്ള നിർദ്ദേശം ചർച്ചയാകുന്നു


ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്ന് പിഴത്തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് പിൻവലിക്കുന്ന സംവിധാനം നടപ്പിലാക്കണമെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നിർദ്ദേശം വലിയ സംവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. റോഡ് സുരക്ഷ ലക്ഷ്യമിട്ടുള്ള ‘അറൈവ് അലൈവ്’ (Arrive Alive) എന്ന പത്തുദിവസത്തെ കാമ്പയിന്റെ ഭാഗമായാണ് അദ്ദേഹം ഈ നൂതന ആശയം മുന്നോട്ട് വെച്ചത്.

വാഹന ഉടമകളുടെ ബാങ്ക് വിവരങ്ങൾ രജിസ്ട്രേഷൻ രേഖകളുമായി ബന്ധിപ്പിക്കുക വഴി പിഴത്തുക സ്വയം ഈടാക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പോലീസും യാത്രക്കാരും തമ്മിലുള്ള നേരിട്ടുള്ള ഇടപഴകലുകൾ കുറയ്ക്കാം. രാഷ്ട്രീയ സ്വാധീനത്തിലൂടെയോ മറ്റോ ട്രാഫിക് പിഴകളിൽ ഇളവ് നേടുന്ന രീതി ഇതിലൂടെ അവസാനിപ്പിക്കാം. ഈ സംവിധാനം നടപ്പിലാക്കുന്നതിനായി ബാങ്കുകളുമായി ചർച്ച നടത്താൻ അദ്ദേഹം പോലീസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും നിയമവിദഗ്ധരും ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.

ജനങ്ങളുടെ സാമ്പത്തിക വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിമർശകർ പറയുന്നു. ഒരു പിഴ ലഭിച്ചാൽ അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ കോടതിയിൽ ചോദ്യം ചെയ്യാനോ പിഴത്തുകയിൽ കുറവ് വരുത്താനോ പൗരനുള്ള അവകാശത്തെ ഈ സംവിധാനം ഇല്ലാതാക്കും. നിലവിലെ ബാങ്കിങ് മാനദണ്ഡങ്ങൾ അനുസരിച്ച് ഇത്തരത്തിൽ പണം പിടിക്കുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ കർശന നടപടികൾ ആവശ്യമാണെങ്കിലും, ജനങ്ങളുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ടുള്ള പരിഷ്കാരങ്ങൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഉയരുന്നത്.

Previous Post Next Post