തിരുവനന്തപുരം : പാലോട് ഇടിഞ്ഞാർ റോഡിൽ സ്‌കൂട്ടർ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് യുവാവ് മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഹർഷകുമാർ എന്ന് വിളിക്കുന്ന ഷൈജു (47) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ ബ്രൈമൂർ - പാലോട് റൂട്ടിലെ മുല്ലച്ചൽ വളവിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഷൈജു. ബന്ധുവായ ജോയി ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കിടെ റോഡുവക്കിൽ ഉണങ്ങി നിന്നിരുന്ന മാഞ്ചിയം മരം പെട്ടെന്ന് ഒടിഞ്ഞ് ഷൈജുവിന്റെ തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ ഷൈജു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സീനയാണ് ഭാര്യ. ഫേബ, അബിൻ എന്നിവർ മക്കളാണ്.