കുന്നംകുളം : ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ മാറ്റി വെച്ച സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ അംഗത്തിന് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ. വികസന സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ അംഗം ഷഹീദിനു നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഒരു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നു. ഏഴാം വാര്‍ഡ് അംഗം ഐശ്വര്യയാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. വോട്ടെടുപ്പില്‍ ഷഹീദിനു ആറ് അംഗങ്ങളുടെ പിന്തുണ ലഭിച്ചു. രണ്ട് എസ് ഡിപിഐ അംഗങ്ങളും നാല് കോണ്‍ഗ്രസ് അംഗങ്ങളും ഷഹീദിന് വോട്ട് ചെയ്തു.
പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഞ്ച് അംഗങ്ങളുള്ള കോണ്‍ഗ്രസ് രണ്ട് അംഗങ്ങളുള്ള എസ് ഡിപിഐ യുടെ പിന്തുണയോടെയാണ് അധികാരം പിടിച്ചെടുത്തത് എസ് ഡിപിഐ പിന്തുണ വിവാദമായതോടെ ഇരുവരോടും സ്ഥാനങ്ങള്‍ രാജിവെക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട് അന്ത്യശാസനം നല്‍കിയിരുന്നു. അന്ത്യശാസനം നല്‍കിയവര്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാലും, അകത്താക്കിയാലും അധികാരം നിലനിര്‍ത്താനും ഭരണത്തില്‍ തുടരാനുമാണ് ചൊവ്വന്നൂരില്‍ കോണ്‍ഗ്രസ് തീരുമാനം.