ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരെ ഇന്ന് അറസ്റ്റ് ചെയ്യും


ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നിലവില്‍ കട്ടിള പാളി കടത്തിയ കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന തന്ത്രിയെ ജയിലിലെത്തിയാവും എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക. നാളെ കസ്റ്റഡി അപേക്ഷ നൽകാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്  ഇന്നലെയും എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ എത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താന് അന്വേഷണ സംഘം ഒരുങ്ങുന്നത്. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. അതേസമയം, ശബരിമലയിൽ കൊടിമരം മാറ്റി സ്ഥാപിച്ചതും പ്രത്യേക സംഘത്തിൻെറ അന്വേഷണ പരിധിയിലാണ്. തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടി മാറ്റിയതിലേക്ക് നീങ്ങുന്നത്. കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്തു. ബോർഡ് തീരുമാന പ്രകാരമല്ല, കീഴ്വഴക്കം  അനുസരിച്ചാണ് തന്ത്രിക്ക് വാജി വാഹനം നൽകിയതെന്ന് മുൻ ബോർഡ് അംഗം അജയ് തറയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Previous Post Next Post