‘

എൽഡിഎഫിൽ തുടരുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ കേരള കോൺഗ്രസ് എമ്മിന്റെ പുറകേ പോകേണ്ടതില്ലെന്ന് യുഡിഎഫ് നേതാക്കൾ. ഇനി താൽപര്യമുണ്ടെന്ന് അറിയിച്ചാൽ മാത്രം ചർച്ചയെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശന ചർച്ചകൾ തൽക്കാലം അടഞ്ഞ അധ്യായമാണെന്നും യുഡിഎഫ് ജോസ് കെ മാണിയുടെ പിന്നാലെ പോകുന്നുവെന്ന തരത്തിൽ ഇനി വാർത്തകൾക്ക് ഇട നൽകരുതെന്നാണ് കോൺഗ്രസ് നിലപാട്. ജോസ് കെ മാണിയുമായി മുന്നണിമാറ്റ ചർച്ച നടന്നിട്ടില്ലെന്നും താൽപര്യമറിയിച്ചാൽ മാത്രം ചർച്ച നടത്താമെന്നും കെസി വേണുഗോപാലും ആരുടെയും പിന്നാലെ പോകില്ലെന്ന് കെ.മുരളീധരനും വ്യക്തമാക്കി.
ഇതിനിടെ പി.കെ.കുഞ്ഞാലിക്കുട്ടിയുമായി മാണി സി.കാപ്പൻ ചർച്ച നടത്തി. പാലാ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കില്ലെന്ന് കാപ്പൻ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. അതേസമയം മുന്നണിമാറ്റ ചർച്ചകൾക്ക് പിന്നിൽ കോൺഗ്രസാണെന്നാണ് സിപിഎം ആരോപണം. ജോസ് കെ മാണി മുന്നണിവിടില്ലെന്നും ഉറപ്പുണ്ടെന്ന് മന്ത്രി വിഎൻ വാസവന്റെ പ്രതികരണം.