ന്യൂ ഇയർ ആഘോഷത്തിനിടെ ജർമനിയിലെ ബെർലിനിൽ അപ്പാർട്മെന്റിൽ തീ പിടുത്തം. രക്ഷപ്പെടാനുള്ള ശ്രമത്തിൽ അപ്പാർട്ട്മെന്‍റിന് മുകളിലത്തെ നിലയില്‍ നിന്ന് ചാടിയ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25) ദാരുണാന്ത്യം സംഭവിച്ചത്. തീ ആളിപ്പടരുന്നതുകണ്ട് പരിഭ്രാന്തനായ ഹൃതിക് അപ്പാർട്ട്മെന്‍റിന്‍റെ മുകളിലത്തെ നിലയില്‍ നിന്ന് ചാടുകയായിരുന്നു.സംക്രാന്തി ഉത്സവത്തിനായി ഹൃതിക് റെഡ്ഡി ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വീട്ടുകാരുടെ മുൻപിലേക്ക് ഇനി എത്തുക ഹൃതിക്കിന്റെ ജീവനറ്റ ശരീരമാണ്. പുതുവത്സര ദിനത്തിലാണ് അപകടം സംഭവിച്ചത്. ഹൃത്വിക് താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റില്‍ തീ പടർന്നതോടെ കട്ടിയുള്ള പുക ഉയരാൻ തുടങ്ങി. പ്രാണരക്ഷാർത്ഥമാണ് ഹൃത്വിക് മുകളിലത്തെ നിലയില്‍ നിന്ന് ചാടിയത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു
2022 ല്‍ വാഗ്ദേവി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് ഹൃത്വിക് ജർമനിയിലേക്ക് പോയത്. എംഎസ് ബിരുദം നേടുന്നതിനായി 2023 ജൂണിലാണ് ഹൃതിക് റെഡ്ഡി ജർമനിയിലെ മാഗ്ഡെബർഗില്‍ എത്തിയത്. ജനുവരി രണ്ടാം വാരത്തില്‍ സംക്രാന്തി ഉത്സവത്തിനായി വീട്ടിലേക്ക് വരാനിരിക്കെയാണ് ദാരുണ സംഭവമുണ്ടായത്.തീപിടിത്തത്തിന്‍റെ കാരണം അധികൃതർ അന്വേഷിച്ചു വരികയാണ്. തെലങ്കാനയിലുള്ള ഹൃതിക്കിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദേശകാര്യ മന്ത്രാലയത്തെയും ജർമനിയിലെ ഇന്ത്യൻ എംബസിയെയും സമീപിച്ച് മൃതദേഹം അന്ത്യകർമങ്ങള്‍ക്കായി സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി.