
ബാറുടമകളുടെ ദീർഘകാലമായ ആവശ്യം പരിഗണിച്ച് സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടിയേക്കും. നിലവിൽ ബാറുകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളത് രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ്. ഇത് രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാക്കിമാറ്റാനാണ് പുതിയ നീക്കം. അടുത്ത മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തേക്കും. ബാറുടമകൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണിത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് നിലവിലുള്ള ഇളവുകൾ കൂടുതൽ വ്യാപകമാക്കാനും പദ്ധതിയുണ്ട്. നിലവിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകൾക്ക് രാത്രി 12 മണി വരെ പ്രവർത്തിക്കാം. ഇത് പുലർച്ചെ മൂന്നുമണിവരെ നീട്ടിയേക്കുമെന്നും സൂചനയുണ്ട്.
ബിസിനസ് ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. അടുത്ത മന്ത്രിസഭായോഗത്തിനുശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.