
എറണാകുളം ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ യുവാവിനെ ആളുമാറി മർദ്ദിച്ച സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഈ മാസം പത്താം തീയതി ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് പതിമൂന്ന് പേർ ചേർന്ന് ഒരാളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. ചുണങ്ങംവേലിയിലെ വി കെ എൻ ഇൻ ബാറിൻ്റെ പാർക്കിംഗ് ഏരിയയിൽ ഈ മാസം പത്താം തീയതി രാത്രി 9.30 ന് ഉണ്ടായ സംഭവമാണിത്
ചൂണ്ടി സ്വദേശിയായ ജോജി ജോണിന് ആണ് ഈ വിധം തല്ലുകൊള്ളുന്നത്. താനുമായി ഒരു മുൻപരിചയവും ഇല്ലാത്തവരാണ് ക്രൂരമായി മർദ്ദിച്ചതെന്ന് ജോജി പറയുന്നു. പതിനഞ്ചു വയസുള്ള മകനൊപ്പം ബാറിൽ എത്തിയ മറ്റൊരാളുമായി അക്രമി സംഘം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിനിടയിൽ ജോജിയെ ആളുമാറി മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് എടത്തല പോലീസ് അറിയിച്ചു.