കുടുംബസമേതം കാറില്‍ കഞ്ചാവ് കടത്ത്; 21 കിലോ കഞ്ചാവുമായി അറുപതുകാരിയും മകളും മരുമകനും അറസ്റ്റില്‍




കോവളം: കുട്ടികളെ മറയാക്കി കുടുബസമേതം കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. അറുപതുവയസുള്ള സ്ത്രീയും മകളും മരുകനുമാണ് പോലിസിന്റെ പിടിയിലായത്. ഇവര്‍ ഏറെ നാളായി പോലിസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഇന്നലെ കാറില്‍ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു് നിറച്ച പായ്ക്കറ്റുകളുമായാണ് കുടുംബം സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലാകുന്നത്. വിനോദ സഞ്ചാരത്തിന്റെ പേരില്‍ കുട്ടികളെ മറയാക്കിയായിരുന്നു ഇവരുടെ ലഹരിക്കടത്. തമിഴ്നാട്ടില്‍നിന്ന് വാങ്ങി നഗരത്തില്‍ വില്‍ക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസില്‍ അനന്തന്‍ എന്ന കാര്‍ലോസ്(38) ഇയാളുടെ ഭാര്യ ബിന്ദു(33), ഇവരുടെ അമ്മ ദമയന്തി(60) എന്നിവരെയാണ് വെങ്ങാനൂരിലെ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വാഴ്ച രാത്രി 9.30-ഓടെ പിടികൂടിയത്. ഈ സമയം ഇവരുടെ മൂന്നു കുട്ടികളും കാറിലുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇവര്‍ ശ്രമിച്ചത്. എന്നാല്‍ ഡാന്‍സാഫ് സംഘം ഇവരെ ഇറക്കി പരിശോധിക്കുകയും ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ആയിരുന്നു.  

പളളിച്ചല്‍-വെങ്ങാനൂര്‍ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. ഇതിനിടെയാണ് ഡാന്‍സാഫ് സംഘം വണ്ടി തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത്. ബിന്ദുവിനെ നേരത്തെ സിറ്റി ഡാന്‍സാഫ് സംഘം വെട്ടുകാട് ബാലന്‍ നഗറില്‍വെച്ച് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയ നാലുകിലോ കഞ്ചാവുമായി പിടികൂടി വലിയതുറ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് ഇവരെ വീണ്ടും ഡാന്‍സാഫ് പിടികൂടുന്നത്.   കാറിന്റെ ഡിക്കിക്കുളളില്‍ സ്യൂട്ട്‌കെയ്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വെങ്ങാനൂരില്‍വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ഇവരെ വിഴിഞ്ഞം പോലീസിന് കൈമാറും.
أحدث أقدم