32 വയസുകാരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ...




ഋഷികേശ് : ഉത്തരാഖണ്ഡിലെ ഋഷികേശിൽ 32 വയസുകാരിയായ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ശിവാജി നഗറിലെ വാടകവീട്ടിലായിരുന്നു സംഭവം. പ്രീതി റാവത്ത് (32) എന്ന യുവതിയാണ് മരിച്ചത്. സുരേഷ് ഗുപ്ത എന്നയാളാണ് കേസിലെ പ്രതി. എയിംസ് ആശുപത്രിയിൽ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ഇവ‌‍‍ർ. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഇരുവരും മുൻപ് വെവ്വേറെ വിവാഹിതരായിരുന്നു. ആദ്യ ബന്ധം അവസാനിച്ചതിനെത്തുട‌‍ർന്നാണ് ഇവ‌ർ ഒരുമിക്കാൻ തീരുമാനിച്ചിരുന്നത്

വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്കാണ് പ്രീതി ശിവാജി നഗറിൽ താമസിച്ചിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഋഷികേശിൽ വെച്ചാണ് പ്രീതി സുരേഷ് ഗുപ്തയുമായി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. പ്രീതിയെ വിവാഹം കഴിക്കുന്നതിനായി സുരേഷ് ഗുപ്ത നാല് മാസം മുൻപ് ഭാര്യയോട് വിവാഹമോചനത്തിന് അപേക്ഷയും നൽകിയിരുന്നു. എന്നാൽ വിവാഹത്തിന് മുൻപ് ഋഷികേശിൽ ഒരു വീട് വാങ്ങണമെന്ന് പ്രീതിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന്, സുരേഷ് ഗുപ്ത ഹരിദ്വാറിലെ ലക്ഷ്സറിൽ ഉണ്ടായിരുന്ന തന്റെ സ്വത്തുക്കൾ മുഴുവൻ 35 ലക്ഷം രൂപയ്ക്ക് വിറ്റതായും പോലീസ് പറഞ്ഞു. ഇതിന് ശേഷവും ഋഷികേശിൽ അനുയോജ്യമായ വീട് കണ്ടെത്താൻ കഴിയാതിരുന്നത് ഇരുവരും തമ്മിൽ നിരന്തരമായ തർക്കങ്ങൾക്ക് കാരണമായി.

ഭാര്യയുമായി വിവാഹമോചനം ലഭിക്കാത്തതും, എല്ലാ സ്വത്തും വിറ്റിട്ടും വീട് വാങ്ങാൻ കഴിയാത്തതുമൂലം സുരേഷ് ഗുപ്ത മാനസിക സമ്മർദ്ദത്തിലായിരുന്നു വെന്നും, ഇതാണ് പിന്നീട് കൊലപാതകത്തി ലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു. പ്രീതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഋഷികേശ് പോലീസ് സ്റ്റേഷനിൽ സുരേഷ് ഗുപ്തയ്ക്കെതിരെ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.
Previous Post Next Post