
ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍.അടിമാലി സ്വദേശി അനുഷയെ ആണ് പൊലീസ് ഡല്‍ഹിയില്‍ നിന്ന് പിടികൂടിയത്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇവര്‍ ലക്ഷകണക്കിന് രൂപയുടെ ആഭരണങ്ങളാണ് തട്ടിയെടുത്തത്. 2019 മുതല്‍ കോതമംഗലത്തുള്ള ബാങ്കിലെ ജീവനക്കാരിയാണെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ജോലിക്ക് പോകാനെന്ന വ്യാജേന ദിവസവും വീട്ടില്‍ നിന്ന് ഇറങ്ങും. ബാങ്കില്‍ സ്വര്‍ണ്ണം വെച്ചാല്‍ കൂടുതല്‍ പലിശ കിട്ടുമെന്ന് പറഞ്ഞാണ് ഇവര്‍ സ്വര്‍ണ്ണം വാങ്ങിയെടുത്തത്. ഇങ്ങനെ ലഭിച്ച സ്വര്‍ണം പ്രതി കൈക്കലാക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 21ന് പ്രമോഷന് വേണ്ടിയുള്ള ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അനുഷ പിന്നീട് തിരിച്ചെത്തിയില്ല.
ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് അരുണ്‍ കോതമംഗലത്തെ ബാങ്ക് ശാഖയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. അനുഷ എന്ന പേരില്‍ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയത്. ഇതോടെ ജോലി വ്യാജമാണെന്ന് തെളിഞ്ഞു. എട്ട് വര്‍ഷം മുമ്പായിരുന്നു അനുഷയുടെയും അരുണിന്റെയും വിവാഹം. 2019ല്‍ അരുണ്‍ വിദേശത്തേക്ക് പോയ സമയത്ത് തനിക്ക് ബാങ്കില്‍ ജോലി ലഭിച്ചെന്ന് പ്രതി അനുഷ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശത്തുനിന്ന് അരുണ്‍ മടങ്ങിയെത്തിയ ശേഷവും ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് അനുഷ തട്ടിപ്പ് തുടര്‍ന്നു. സ്വര്‍ണം നിക്ഷേപിച്ചവര്‍ തിരികെ ചോദിച്ചു വന്നതോടെയാണ് പ്രതി ഡല്‍ഹിയിലേക്ക് കടന്നതെന്നാണ് വിവരം. ഡല്‍ഹിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ഡല്‍ഹിയില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.