മയക്കുമരുന്നുമായി ബന്ധപ്പെട്ട് 9 കേസുകൾ , അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിൻ്റെയും, എക്സൈസിൻ്റെയും വ്യാപക പരിശോധന


പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിൻ്റെയും, എക്സൈസിൻ്റെയും വ്യാപക പരിശോധന. പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു. ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സത്രീകളെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ മേൽനോട്ടത്തിൽ പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റ്, ബസുകളിൽ പോലും പരിശോധന നടത്തി.

നൂറിലേറെ ഉദ്യോഗസ്ഥർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഡോഗ്‌ സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കാളികളായി. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നാട്ടുകാരെയും വിവിധ സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതി രൂപീകരിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ തീരുമാനമായി. സമിതിയുടെ കൺവീനർ പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസറും ജോയിന്റ് കൺവീനർ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും ആയിരിക്കും.

വെങ്ങോല, വാഴക്കുളം പഞ്ചായത്ത് പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് മുൻസിപ്പൽ ചെയർമാൻ, അംഗങ്ങൾ, രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്ക്കാരിക സംഘടന ഭാരവാഹികർ, അതിഥിത്തൊഴിലാളി പ്രതിനിധികൾ എന്നിവർ ഭാരവാഹികളാണ്. തൊഴിലാളികളുടെ ഇടയിലുള്ള മയക്കുമരുന്ന് – മദ്യം, ലൈംഗിക കുറ്റകൃത്യങ്ങളടക്കം സമഗ്രമായി പഠിച്ച് അന്വേഷിച്ച്‌ നടപടിയെടുക്കും. തൊഴിലാളികളുടെയും, കുടുംബാംഗങ്ങളുടെയും വിവര ശേഖരണം നടത്തും. ശക്തമായ ബോധവത്കരണം നടത്താനും തീരുമാനമുണ്ട്. അതിഥി തൊഴിലാളികളുടെ മക്കൾക്ക് മികച്ച പഠന സൗകര്യങ്ങൾ ലഭ്യമാക്കും. അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും നടത്തും. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന ലോഡ്‌ജുകൾക്കെതിരെ കർശന നടപടിയെടുക്കും. എല്ലാ മാസവും ആദ്യ ആഴ്ച പെരുമ്പാവൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസിൽ സമിതി യോഗം ചേരും. പ്രതിമാസ യോഗങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് പ്രവർത്തനങ്ങൾ വിപുലമാക്കും.

Previous Post Next Post