രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിൽ നിന്ന് BJP സംഭാവനയായി സ്വീകരിച്ചത് 30 കോടി


        

രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനമായ അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ബിജെപിക്ക് റെക്കോർഡ് തുക സംഭാവന നൽകിയതായി റിപ്പോർട്ട്. സ്‌ക്രോൾ ഡോട് ഇൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2024- 25 കാലയളവിൽ ബിജെപിക്ക് അല്ലാന ഗ്രൂപ്പ് 30 കോടി രൂപ സംഭാവന നൽകി എന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

2018ന് ശേഷം ഇക്കാലയളവിൽ ആദ്യമായി സ്ഥാപനം 10,000 കോടിയിലധികം വരുമാനം രേഖപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. അതേസമയം സ്ഥാപനം ഇതുവരെ നൽകിയതിൽവെച്ച് ഏറ്റവും ഉയർന്ന സംഭാവനയാണ് 30 കോടി എന്ന തുക.

നരേന്ദ്രമോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ സംതൃപ്തരായാണ് സംഭാവന നൽകിയതെന്ന നിലപാടിലാണ് സ്ഥാപന അധികൃതർ. മോദി സർക്കാരിന്റെ കീഴിൽ സുസ്ഥിര വളർച്ചക്കായി പോസിറ്റീവായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കയാണ്. വികസിത ഭാരതത്തിന്റെ കൂടുതൽ മുന്നേറ്റത്തിനും വളർച്ചയ്ക്കുമായി സംഭാവന നൽകിയിട്ടുണ്ടെന്നുമാണ് അല്ലാന ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫൗസാൻ അലവി ഇതു സംബന്ധിച്ച ചോദ്യവുമായി ബന്ധപ്പെട്ട് സ്‌ക്രോളിന് നൽകിയ മറുപടി.

2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സർക്കാരും മാംസ വ്യവസായവും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റം വന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അല്ലാന ഗ്രൂപ്പിന്റെ പ്രധാന മാംസ സംസ്‌കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്ന ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലാണ് ഇറച്ചി വിതരണ ശൃഖലയിൽ പ്രതിസന്ധികൾ നേരിട്ടത്. അതിന് പ്രധാന കാരണമായി പറയുന്നത് ഈ സംസ്ഥാനങ്ങളിൽ ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വവാദികൾ ഇറച്ചി വ്യാപാരികൾക്ക് നേരെ ആക്രമണം നടത്തി എന്നതാണ്. അതിൽ പ്രധാനമായും ആക്രമണത്തിനിരകളായത് മുസ്ലിംകളാണ്. 2019 ജനുവരിയിൽ അല്ലാന ഗ്രൂപ്പിന്റെതായ 100ഓളം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അല്ലാന ഗ്രൂപ്പ് 2,000 കോടിയുടെ നികുതി വെട്ടിച്ചുവെന്ന് വകുപ്പ് ആരോപിച്ചു. എന്നാൽ ഇതിനോട് അല്ലാന ഗ്രൂപ്പ് പ്രതികരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആരോപണങ്ങൾക്ക് പിന്നാലെ അല്ലാന ഗ്രൂപ്പ് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയെന്നും സംഭവം നടന്ന അതേ വർഷം ഏഴ് കോടിയുടെ ഇലക്ടറൽ ബോണ്ടാണ് വാങ്ങിയതെന്നുമാണ് വിവരം. ഇത് കൂടാതെ ഇക്കാലയളവിൽ ശിവസേനയ്ക്ക് അഞ്ച് കോടിയും ബിജെപിക്ക് രണ്ട് കോടിയും സംഭാവന ഇനത്തിൽ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

أحدث أقدم