വാഹനാപകടം : നടൻ മണിയൻപിള്ള രാജുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു




തിരുവനന്തപുരം : ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഹാജരായ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 
രാജുവിനെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് മണിയൻപിള്ള രാജു മാധ്യമങ്ങളോട് സമ്മതിച്ചു.

അമിതവേഗത്തിൽ വന്ന ബൈക്ക് തന്റെ കാറിലിടിക്കുകയായിരുന്നുവെന്നും ക്യാൻസർ ബാധിതനായ താൻ ആ നിമിഷം പരിഭ്രാന്തനായതിനാലാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചു. പേടി കാരണമാണ് വാഹനം മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിനും നട്ടെല്ലിനും പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

നടന്റെ യഥാർത്ഥ പേരായ സുധീർകുമാർ രാജു എന്ന പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരുന്നത്. അപകടത്തിന് പിന്നാലെ നടന്റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.
Previous Post Next Post