പാമ്പാടി : - വലതുപക്ഷ-പിന്തിരിപ്പൻ ശക്തികളുടെ കുപ്രചാരണങ്ങളെ കടപുഴക്കി എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് പുതുപ്പള്ളിയുടെ മണ്ണിൽ ഉജ്ജ്വല സ്വീകരണം. ജോസ് കെ മാണി എംപി നയിക്കുന്ന ജാഥയെ ജനലക്ഷങ്ങൾ അണിനിരന്ന ജനകീയ പ്രതിരോധമാക്കി മാറ്റി പാമ്പാടി ചരിത്രം കുറിച്ചു.
രാവിലെ മുതൽ തന്നെ പാമ്പാടി വിപ്ലവവീര്യത്താൽ ചുവപ്പണിഞ്ഞിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജാഥാ നായകനെ വരവേൽക്കാൻ ആബാലവൃദ്ധം ജനങ്ങളും ഒഴുകിയെത്തി. രക്തസാക്ഷികളുടെ സ്മരണ ഇരമ്പുന്ന മുദ്രാവാക്യങ്ങൾക്കും ചുവപ്പ് വോളന്റിയർമാരുടെ കരുത്തുറ്റ മാർച്ചിനും പിന്നാലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥാ നായകനെ എംജിഎം ജംഗ്ഷനിലെ പൊതുസമ്മേളന നഗരിയിലേക്ക് ആനയിച്ചു. നിശ്ചല ദൃശ്യങ്ങളും നാടൻ കലാരൂപങ്ങളും സ്വീകരണത്തിന് സാംസ്കാരിക നിറപ്പകിട്ടേകി.
കെ എം രാധാകൃഷ്ണൻ അധ്യക്ഷനായ സ്വീകരണ സമ്മേളനത്തിൽ ജാഥാ അംഗങ്ങളായ സഖാവ് കെ.കെ. ശൈലജ ടീച്ചർ (സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം), സഖാവ് പി.കെ. ബിജു (സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), സഖാവ് പി.പി. സുനീർ എംപി (സി.പി.ഐ ദേശീയ കൗൺസിൽ അംഗം) തുടങ്ങിയ നേതാക്കൾ വികസന വിരുദ്ധത മുഖമുദ്രയാക്കിയ പ്രതിപക്ഷത്തിന് ജനകീയ കോടതി മറുപടി നൽകുമെന്ന് പ്രഖ്യാപിച്ചു.
സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര നയങ്ങൾക്കും വലതുപക്ഷ ഗൂഢാലോചനകൾക്കുമെതിരെയുള്ള ശക്തമായ താക്കീതായി സമ്മേളനം മാറി. സി.പി.ഐ.എം ജില്ലാ സെക്രട്ടറി സഖാവ് ടി.ആർ. രഘുനാഥൻ, അഡ്വക്കേറ്റ് ബിനു ബോസ്, അഡ്വ കെ. അനിൽ കുമാർ,
സാബു ജോർജ്, സുഭാഷ് പാഞ്ചക്കോട്ടിൽ, ഡോ. വർഗീസ് ജോർജ്, മാത്യു കോലഞ്ചേരി, കെ.ജി. പ്രേംജിത്ത്, ഫ്രാൻസിസ് തോമസ്, എം.എൽ. ലത്തീഫ്, ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു.
എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈ ബഹുജന പ്രതിരോധം, നവകേരള നിർമ്മിതിക്കായുള്ള ഇടതുപക്ഷത്തിന്റെ പടയോട്ടത്തിന് പുതിയ ഊർജ്ജമാണ് പകർന്നിരിക്കുന്നത്.