വിമാനയാത്രികരുടെ ജീവൻ അപകടത്തിലാക്കി തട്ടിപ്പ്; നിലത്തിറക്കിയത് നൂറുകണക്കിന് വിമാനങ്ങൾ, ലോകത്തെ നടുക്കിയ പ്രതി പിടിയിൽ


ലണ്ടൻ : ലോകമെമ്പാടുമുള്ള
ദശലക്ഷക്കണക്കിന് വിമാനയാത്രികരുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് കോടിക്കണക്കിന് രൂപയുടെ വ്യാജ വിമാനഭാഗങ്ങൾ വിറ്റഴിച്ച തട്ടിപ്പുകാരന് കോടതി ശിക്ഷ വിധിച്ചു. ബ്രിട്ടിഷ് കമ്പനിയായ എ.ഒ.ജി ടെക്നിക്‌സ് ഡയറക്‌ടറും മുൻ ടെക്നോ ഡിജെയും ആയിരുന്ന ഹോസെ അലക്സാണ്ടറോ സമോറ ഇറാലയാണ് (38) സൗത്ത്വാർക്ക് ക്രൗൺ കോടതി ശിക്ഷിച്ചത്. നാല് വർഷവും എട്ട് മാസവുമാണ് പ്രതിക്ക് തടവ് വിധിച്ചത്.


ബ്രിട്ടനിലെ സറേയിലെ വെർജീനിയ വാട്ടർ സ്വദേശിയായ സമോറ ഇറാല, 2019 നും 2023 നും ഇടയിൽ നടത്തിയ ഈ കച്ചവടത്തിലൂടെ ഏകദേശം 70 കോടിയോളം രൂപ (ഏഴ് മില്യൻ പൗണ്ട്) സമ്പാദിച്ചതായാണ് ബ്രിട്ടനിലെ സീരിയസ് ഫ്രോഡ് ഓഫിസ് കണ്ടെത്തിയത്

വീടിനോട് ചേർന്നുള്ള ഗാരേജിൽ ഇരുന്നാണ് സമോറ ഇറാല ലോകത്തെ പ്രമുഖ വിമാനക്കമ്പനികളെ കബളിപ്പിച്ചത്. വിമാന എൻജിനുകളിൽ ഉപയോഗിക്കുന്ന നിർണ്ണായക ഭാഗങ്ങളായ  (Engine Blades), ബോൾട്ടുകൾ, വാഷറുകൾ എന്നിവ പലയിടങ്ങളിൽ നിന്നും ഇയാൾ ശേഖരിച്ചു. തുടർന്ന് കംപ്യൂട്ടറിൽ കൃത്രിമമായി നിർമിച്ച സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഇവ യഥാർഥ ഭാഗങ്ങളാണെന്ന് വരുത്തിതീർക്കുകയായിരുന്നു.


ലോകത്ത് ഏറ്റവും കൂടുതൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന CFM56 എൻജിനുകളിലാണ് ഇയാൾ വിറ്റ അറുപതിനായിരത്തോളം വ്യാജ ഭാഗങ്ങൾ ഘടിപ്പിച്ചത്. ബോയിംഗ് 737, എയർബസ് എ320 തുടങ്ങിയ ജനപ്രിയ യാത്രാവിമാനങ്ങളെല്ലാം ഈ എൻജിനിലാണ് പ്രവർത്തിക്കുന്നത്.

വിശ്വസനീയത വർധിപ്പിക്കാനായി സമോറ ഇറാല തൻ്റെ കമ്പനിയിൽ ധാരാളം ജീവനക്കാരുണ്ടെന്ന് വരുത്തിതീർത്തു. കസ്റ്റമർമാർക്ക് ലഭിച്ചിരുന്ന ഇമെയിലുകളിലും ഗുണനിലവാര സർട്ടിഫിക്കറ്റുകളിലും ഒപ്പിട്ടിരുന്നത് ഇയാൾ തന്നെ സൃഷ്ടിച്ച വ്യാജ മാനേജർമാരായിരുന്നു.

'വിശ്വസിക്കാനാവാത്ത വിധം പൊതുജനസുരക്ഷയെ അപകടത്തിലാക്കിയ നടപടിയാണിത്'- സീരിയസ് ഫ്രോഡ് ഓഫിസ് ഓപ്പറേഷൻസ് ഡയറക്ടർ എമ്മ ലക്സ്റ്റൺ പറഞ്ഞു.



Previous Post Next Post