വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെ സന്ദേശം; മുഹമ്മദ് ദീപകിന്റെ വീട്ടിലെത്തി ജോണ്‍ ബ്രിട്ടാസ്


മുസ്ലിം ഉടമസ്ഥതയിലുള്ള കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ടെത്തിയ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരെ തടഞ്ഞതില്‍ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്ത ദീപക് മുഹമ്മദിനെ സന്ദര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. ദീപക് മുഹമ്മദിന്റെ വീട്ടിലെത്തിയാണ് ജോണ്‍ ബ്രിട്ടാസ് ഐക്യദാര്‍ഢ്യം അറിയിച്ചത്.

ഉത്തരാഖണ്ഡിലെ മതസൗഹാര്‍ദത്തിന്റെ കാവലാളാണ് ദീപക് മുഹമ്മദ് എന്നും , രാജ്യത്തിനാകെ അദ്ദേഹത്തിന്റെ പ്രവര്‍ത്തി മാതൃകയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. വിദ്വേഷത്തിന്റെ  രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശമാണ് അദ്ദേഹം ലോകത്തിന് നല്‍കുന്നത്. തന്റെ നിലപാട് കാരണം ദീപകിന് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. അദ്ദേഹം ഉപജീവനത്തിനായി നടത്തിയിരുന്ന ജിമ്മില്‍ മുമ്പ് നൂറ്റമ്പതോളം പേര്‍ വന്നിരുന്നു. ഇപ്പോഴത് ആറോ ഏഴോ പേരായി ചുരുങ്ങി. ദീപക്കിന്റെ ജീവിതമാര്‍ഗ്ഗം തടസ്സപ്പെടുത്താനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നതിനൊപ്പം തന്നെ ഊരുവിലക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താന്‍ ദീപക്കിനെപോലുള്ള ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ദീപക്കിനെ സന്ദര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

 പൗരി ഗര്‍വാളിലെ കോട്ദ്വാര്‍ നഗരത്തിലെ ബാബ ഡ്രസ് എന്ന തുണിക്കടയ്ക്കുമുന്നില്‍ ജനുവരി 26നായിരുന്നു ദീപക് മുഹമ്മദിനെതിരെ  കേസെടുക്കുന്നതിന് ആസ്പദമായ സംഭവം നടന്നത്. ‘ബാബ സ്‌കൂള്‍ ഡ്രസ്’ എന്ന 30 വര്‍ഷം പഴക്കമുള്ള കടയുടെ പേരിലെ ബാബ എന്ന ഭാഗം മാറ്റണമെന്നായിരുന്നു ആവശ്യം. കോട്ദ്വാറിലെ സിദ്ധ്ബലി ബാബ ഹനുമാന്‍ ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണ് ഈ  വാക്കെന്നതായിരുന്നു കാരണമായി ബജ്‌റങ്ദള്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് രണ്ടുതവണ സംഘര്‍ഷമുണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തിന്റെയന്ന് കടയ്ക്ക് മുന്നിലെത്തി നാല്‍പ്പതോളം പേര്‍ ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന ദീപക് ഇടപെടുകയായിരുന്നു. ഇതിനിടെ ദീപക്കിന്റെ പേര് പ്രതിഷേധക്കാര്‍ ചോദിക്കുമ്പോള്‍ ‘ മേരാ നാം മുഹമ്മദ് ദീപക്’ എന്ന് ദീപക് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

Previous Post Next Post