
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ഭക്തലക്ഷങ്ങൾക്ക് യാത്രാക്ലേശമടക്കമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വിപുലമായ പദ്ധതികളുമായി തിരുവനന്തപുരം നഗരസഭ. പൊങ്കാലയ്ക്ക് മുൻപായി ഉത്സവ മേഖലയിലെ 29 പ്രധാന റോഡുകളുടെ ടാറിംഗ് പൂർത്തിയാക്കുമെന്ന് മേയർ അറിയിച്ചു. പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിന് പിന്നാലെ നടന്ന പ്രഖ്യാപനം യാഥാർത്ഥ്യമാവുകയാണെന്ന് മേയർ അഡ്വ വിവി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
മുൻകാലങ്ങളിൽ പൊങ്കാലയ്ക്ക് തൊട്ടടുത്ത ദിവസങ്ങളിൽ മരാമത്ത് പണികൾ നടത്തുന്നത് പതിവായിരുന്നു. ഇത് പണികളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതായും ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും വിലയിരുത്തിയാണ് ഇത്തവണ വളരെ നേരത്തെ തന്നെ പണികൾ ആരംഭിക്കാൻ തീരുമാനിച്ചത്. ആകെ ടാറിംഗ് നടത്തേണ്ട 29 റോഡുകളിൽ ആറിടത്ത് ഇന്ന് തന്നെ പണികൾ ആരംഭിച്ചു. കൊഞ്ചിറവിള – പന്തപ്ലാവ് റോഡിന്റെ ടാറിംഗ് പ്രവൃത്തികൾക്ക് ഇന്ന് രാവിലെ തുടക്കമായി.
തിരക്കിനിടയിൽ പണികൾ തട്ടിക്കൂട്ടി തീർക്കുന്ന രീതി ഇത്തവണ ഉണ്ടാകില്ലെന്ന് നഗരസഭ ഉറപ്പുനൽകുന്നു. ടാറിംഗ് നേരത്തെ പൂർത്തിയാക്കുന്നതിലൂടെ നിർമ്മാണത്തിന്റെ ഈടുനിൽപ്പ് ഉറപ്പാക്കാൻ സാധിക്കും. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജി.എസ്. മഞ്ജു, ആറ്റുകാൽ വാർഡ് കൗൺസിലർ എസ്.എസ്. ശ്രുതി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കുകയാണെന്നും എല്ലാ പ്രഖ്യാപനങ്ങളും സമയബന്ധിതമായി നടപ്പിലാക്കുമെന്നും മേയർ വിവി രാജേഷ് പറഞ്ഞിരുന്നു.