
ശതകോടി ആചാരങ്ങളുള്ള നാടാണ് ഇന്ത്യ. ഓരോ ദേശത്തും ഏറെ വൈവിധ്യവും, വൈരുദ്ധവുമായ ആചാരാനുഷ്ഠനങ്ങൾ ഇന്ത്യയിൽ കാണാം. പലതും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നവയാണ്. അതിനിടെയാണ് പുതിയ ചില ആചാരങ്ങൾ ഉടലെടുക്കുന്നത്. പറഞ്ഞു വരുന്നത് അടുത്തിടെ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ്. വീഡിയോയിൽ, ഭർത്താവിന്‍റെ ശരീരം കഴുത്ത് വരെ മണ്ണിനടിയിൽ കുഴിച്ചിട്ട്, തലയിൽ പൂവുമിട്ട് പാൽ അഭിഷേകം നടത്തുന്ന ഭാര്യയെ ചിത്രീകരിക്കുന്നു. ഭർത്താവന്‍റെ തലയെ ഒരു ശിവലിംഗം പോലെയാണ് ഭാര്യ പൂജിക്കുന്നത്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമ ഉപഭോക്താക്കളിൽ നിന്നുമുണ്ടായത്.
അസാധാരണമായ ഈ ആചാരം സമൂഹ മാധ്യമ ഉപഭോക്താക്കളെ അക്ഷരാര്‍ത്ഥത്തിൽ അമ്പരപ്പിച്ചു. ശരീരം മുഴുവനും മണ്ണിൽ മൂടി തലയിൽ പൂവും പാലുമൊഴിച്ച് ‘ഹർ ഹർ മഹാദേവ്, ഹർ ഹർ മഹാദേവ്’ എന്ന് ജപിക്കുന്ന ഭാര്യയുടെ നടപടി അസാധാരണമായ ഒന്നാണെന്ന് സമൂഹ മാധ്യമ ഉപഭോക്താക്കൾ കുറിച്ചു. നിരവധി പേർ ചടങ്ങിനെ അസംബന്ധമെന്ന് മുദ്രകുത്തി. അതേസമയം മറ്റ് ചിലർ അതൊരു പ്രാദേശിക പാരമ്പര്യമായിരിക്കാമെന്ന് കരുതി. സംഗതി എന്തായാലും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഭർത്താവിന്‍റെ തല മാത്രമാണ് വെളിയിൽ കാണാന്‍ കഴിയുക. ഭാര്യ പൂവും, പാലും ഒഴിക്കുമ്പോൾ അദ്ദേഹം ശാന്തനായി ഭാവഭേദമില്ലാതെ നിന്നു. വീഡിയോ എവിടെ? എപ്പോൾ? സംഭവിച്ചതാണെന്ന് വ്യക്തമല്ല.
ആചാരത്തിന് പിന്നിലെ ഉദ്ദേശം വ്യക്തമല്ലെങ്കിലും, വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ‘ഇത് എന്നെ ശരിക്കും ചിരിപ്പിക്കുന്നു. ആളുകൾ എന്തിനാണ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യുന്നതെന്ന് ചിന്തിപ്പിക്കുന്നു. തികഞ്ഞ മണ്ടത്തരം’ ഒരു കാഴ്ചക്കാരൻ കുറിച്ചു. ഇതുപോലൊന്ന് ജീവിതത്തിൽ കണ്ടിട്ടില്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. ഇന്ത്യക്കാർക്ക് ഒരിക്കലും ഉള്ളടക്കത്തിന് ക്ഷമയില്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. അതേസമയം മറ്റ് ചിലർ ക്രിസ്തുമതത്തെയും, ഇസ്ലാമിനെയും ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നും കുറിച്ചു. മറ്റ് ചിലർ ഇത് ഭാര്യമാർ കാണാതിരിക്കട്ടെയെന്നും, ഇല്ലെങ്കിൽ ഇന്ത്യയിലെ ഭർത്താക്കന്മാർക്ക് ഇനി മണ്ണിനിടയിൽ കിടക്കേണ്ടിവരുമെന്നും പരിഹസിച്ചു. അതേസമയം മറ്റ് ചിലർ, ആചാരങ്ങളെ നോക്കി പരിഹസിക്കരുതെന്നും ലോകത്തിലെ എല്ലാ വംശങ്ങൾക്കും എല്ലാ മതങ്ങൾക്കും അവരുടേതായ ആചാരങ്ങളുണ്ടെന്നും അതെല്ലാം കണ്ട് ചിരിക്കേണ്ടിവരുമെന്നും നിങ്ങളെ ബാധിക്കാത്ത കാര്യങ്ങളിൽ തലയിടരുതെന്നും എഴുതി.