
ഇന്ത്യ-യുഎസ് കരാറില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. നരേന്ദ്ര ദാമോദര്‍ മോദിയല്ല നരേന്ദ്ര സറണ്ടര്‍ മോദിയാണ് പ്രധാനമന്ത്രിയെന്നാണ് ബ്രിട്ടാസിന്റെ പരിഹാസം. അമേരിക്കയ്ക്ക് മുന്നില്‍ മോദി പൂര്‍ണമായും കീഴടങ്ങിയെന്നും മോദിയുടെ 56 ഇഞ്ച് നെഞ്ചിന്റെ അകം പൊള്ളയെന്ന് തെളിഞ്ഞെന്നും ബ്രിട്ടാസ് പറഞ്ഞു.
‘ഇന്ന് പാര്‍ലമെന്റിന് മുന്‍പില്‍ പ്രതിപക്ഷ എംപിമാര്‍ ഒറ്റക്കെട്ടോടെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. രാജ്യസഭയിലെ ശൂന്യവേളയിലും പണിമുടക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഊര്‍ജസുരക്ഷയെ കുറിച്ചും നയതന്ത്രത്തെ കുറിച്ചും ഒരുകാലത്ത് വാചാലനായി സംസാരിച്ചത് നിങ്ങളായിരുന്നില്ലേയെന്ന് വിദേശകാര്യ മന്ത്രിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അദ്ദേഹത്തോട് ഞങ്ങള്‍ ചോദിച്ചിരുന്നു. എന്നിട്ടും, എന്തുകൊണ്ടാണ് നിങ്ങളിന്ന് നിശബ്ദനായി തുടരുന്നുവെന്നും അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. ഈ സമരത്തിന്റെ അലയൊലികള്‍ എല്ലായിടത്തുമുണ്ട്. കേവലം തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയിട്ടോ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ മാത്രമല്ല, മറിച്ച് ഇത് രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടമാണ്’. ബ്രിട്ടാസ് പറഞ്ഞു.
‘ഇന്ന് പാര്‍ലമെന്റില്‍ മുഴങ്ങിക്കേട്ട ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം നരേന്ദ്രമോദിയെന്നത് നരേന്ദ്ര സറണ്ടര്‍ മോദിയായി മാറിയെന്നതാണ്. 56 ഇഞ്ച് നെഞ്ചിന്റെ അകം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്’. ഇന്ത്യയുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനുള്ള പ്രാപ്തിയോ പ്രാഗത്ഭ്യമോ നമ്മുടെ പ്രധാനമന്ത്രിക്കില്ലെന്ന് മോദി വ്യക്തമാക്കിയെന്നും എപ്സ്റ്റീന്‍ ഫയല്‍സില്‍ പേരുള്ളത് കൊണ്ടാണോ അദ്ദേഹം കീഴടങ്ങിയതെന്ന ചോദ്യം പ്രസക്തമായിരിക്കുകയാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.