നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ





തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക്. 

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി., അധ്യാപന ബഹിഷ്കരണം ആരംഭിക്കുന്നത്.

ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു. കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, പോസ്റ്റ്മോർട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് പലതവണ മന്ത്രിതലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും നടപടികളുണ്ടായില്ല എന്നും സംഘടന കുറ്റപ്പെടുത്തുന്നു

Previous Post Next Post