ആറ്റുകാൽ പൊങ്കാലയ്ക്ക് നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് വിശ്രമിക്കാൻ വീടുകളും മസ്ജിദുകളും തുറന്ന് നൽകണമെന്നും ആഹ്വാനം ചെയ്യുന്ന ‌പാളയം ഇമാമിന്‍റെ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഇമാമിന്‍റെ പ്രസംഗവും പള്ളിയുടെ ചിത്രങ്ങളുമടക്കം ഷെയർ ചെയ്ത് ഇതാണ് റിയൽ കേരള സ്റ്റോറിയെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നത്.

‘ആറ്റുകാൽ പൊങ്കാല വരുകയാണ്… നിങ്ങൾക്ക് എല്ലാവ‍ർക്കും അറിയുന്നത് പോലെ പലനാട്ടിൽ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം അനേകം ഭക്തർ തിരുവനന്തപുരത്ത്ഒ ഴുകിയെത്തും. അവരെ എല്ലാവരെയും നന്നായി സ്വീകരിക്കൽ നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നമ്മളുടെ മസ്ജിദുകളും വീടുകളും അവർക്ക് വിശ്രമിക്കാനായി തുറന്നു കൊടുക്കുക .. നോമ്പ് (റമദാൻ) ആയത് കൊണ്ട് പകൽ സമയം നിങ്ങളുടെ വീട്ടിൽ സാധാരണ പാനീയങ്ങളോ ഭക്ഷണമോ കാണില്ലല്ലോ. അതുകൊണ്ട് പൊങ്കാല ദിവസം പകൽ സമയം വരുന്നവർക്കായി ആവശ്യത്തിന് പാനീയങ്ങളും പറ്റുന്നവർ ഭക്ഷണവും ഒരുക്കിവെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിലൂടെയാണ് വിദ്വേഷത്തെയും ഇസ്ലാമോഫോബിയയേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന ബോധ്യം നമുക്കുണ്ടാകണം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെ സന്ദർഭങ്ങൾ ജാതി മതവ്യത്യാസമില്ലാതെ നാം നടത്തുന്ന ഇത്തരം ശ്രമങ്ങൾ അല്ലാഹു അവന്‍റെ പ്രീതിയിലേക്കായി മാറ്റും’ – ഇന്ന് ജുമാ നമസ്കാര സമയത്ത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്

أحدث أقدم