നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ മറിയ ഉമ്മൻ മത്സരിച്ചേക്കും, കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തി, പാർട്ടി ആവശ്യപ്പെട്ടാൽ .....


കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സെറ്റ് ചർച്ചകളിലും സ്ഥാനാർഥി ചർച്ചകളിലും സജീവമായി കോൺഗ്രസ്സ് നേതൃത്വം. കാഞ്ഞിരപ്പള്ളിയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ.മറിയ ഉമ്മൻ മത്സരിച്ചേക്കുമെന്നാണ് നിലവിൽ ചില കേന്ദ്രങ്ങളിൽ നിന്നും  ലഭിക്കുന്ന വിവരം.

കാഞ്ഞിരപ്പള്ളിയിൽ മത്സരം കടുക്കുന്ന സാഹചര്യത്തിൽ മറിയ ഉമ്മൻ തന്നെ കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചാൽ വിജയ സാധ്യത ഉറപ്പാക്കാനാകുമെന്നാണ് നേതൃത്വം കരുതുന്നത്. ഡോ. മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ കോൺഗ്രസ്സ് പ്രാദേശിക നേതൃത്വത്തിനും നേതാക്കന്മാർക്കും ഈ തീരുമാനത്തോട് വിയോജിപ്പുണ്ട്. കാരണം കഴിഞ്ഞ 60 ൽ പരം വർഷങ്ങളായി ഉമ്മൻ ചാണ്ടിക്ക് തീറെഴുതിക്കൊടുത്ത പുതുപ്പള്ളിയുടെ അവസ്ഥ അവർ മുന്നോട്ട് വയ്ക്കുന്നു ചാണ്ടി കുടുബത്തിനു വേണ്ടി അടികൊള്ളാനും പോസ്റ്റർ ഒട്ടിക്കാനും വിധിക്കപ്പെട്ട പുതുപ്പള്ളിയിലെ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ ദയനീയാവസ്ഥ ചില നേതാക്കൾ ചൂണ്ടിക്കാട്ടി 

കേരളാ കോൺഗ്രസ്സ് എമ്മിന്റെ സിറ്റിംഗ് സീറ്റ് ഇത്തവണ പിടിച്ചെടുക്കാനാണ് കോൺഗ്രസ്സ് ലക്ഷ്യമിടുന്നത്. ഇടത് സ്ഥാനാർത്ഥിയായി ഡോ.എൻ ജയരാജ്, ബിജെപി സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും എത്തുന്നതോടെ കാഞ്ഞിരപ്പള്ളിയിൽ കടുത്ത പോരാട്ടം നടക്കുമ്പോൾ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തിയാൽ മാത്രമേ വിജയിക്കാനാകൂ എന്നാണു കോൺഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നത്. മറിയ ഉമ്മനുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തിയതായാണ് വിവരം.

മറിയ ഉമ്മനെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഫോണിൽ വിളിച്ച് സ്ഥാനാർഥിത്വ കാര്യങ്ങൾ സംസാരിച്ചതായാണ് ലഭ്യമാകുന്ന സൂചനകൾ  . 2011 മുതൽ തുടർച്ചയായി കേരള കോൺഗ്രസ് എമ്മിൻ്റെ എൻ. ജയരാജാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എംഎൽഎ. അതേസമയം പാർട്ടി ആവശ്യപ്പെട്ടാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് മറിയ ഉമ്മൻ പ്രതികരിച്ചു.

തന്റെ സാമൂഹ്യപ്രവർത്തനങ്ങളുമായി മുന്നോട്ട്  പോകാനാണ് ആഗ്രഹമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ കുടുംബവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മറിയ ഉമ്മൻ പ്രതികരിച്ചു.
أحدث أقدم