പാർട്ടിയുമായുള്ള അസ്വാരസ്യങ്ങളാണ് ശ്രീലേഖ വിട്ടുനിൽക്കുന്നതിന് പിന്നിൽ എന്ന് വിലയിരുത്തലുകളുണ്ട്. നേരത്തെ പാർട്ടി വേദികളിലും അല്ലാതെയും ശ്രീലേഖ തന്‍റെ അതൃപ്തി പരസ്യമാക്കിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷൻ മേയറാക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും കൗൺസിലറാകാൻ വേണ്ടിയല്ല എന്നുമുളള ശ്രീലേഖയുടെ തുറന്നുപറച്ചിൽ ബിജെപിയെ വെട്ടിലാക്കിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സംസ്ഥാന നേതൃത്വം മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികാണിച്ച ശ്രീലേഖയെ അവസാനനിമിഷം മാറ്റിയാണ് വി വി രാജേഷിനെ പദവിയിലേക്ക് ഉയര്‍ത്തിയത്. കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ലെന്നും ശ്രീലേഖ തുറന്നടിച്ചിരുന്നു.
വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തുമായുള്ള ഓഫീസ് മുറി വിവാദവും ബിജെപിയെ വെട്ടിലാക്കിയിരുന്നു. പാർട്ടിയോട് ആലോചിക്കാതെയാണ് ശ്രീലേഖ പലകാര്യങ്ങളും ചെയ്യുന്നത് എന്ന വിമർശനം ആ സമയത്ത് ബിജെപിയിൽ ഉയർന്നിരുന്നു. വിജയിച്ച കൗൺസിലർമാർക്കുള്ള ഗവർണറുടെ ചായ സൽക്കാരത്തിലും ശ്രീലേഖ പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തിയപ്പോഴും ശ്രീലേഖ വേദിയിൽ നിന്ന് മാറിനിന്നിരുന്നു. പ്രധാനമന്ത്രിയെ യാത്രയാക്കാൻ ശ്രീലേഖ എത്തിയിരുന്നില്ല.