
കൊല്ലം കുണ്ടറയിൽ അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായി എക്‌സോസ്റ്റ് മാറ്റിസ്ഥാപിച്ച് തീതുപ്പുന്ന രീതിയിലാക്കിയ കാറിന്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കും. ഇതോടെ വാഹനം കേവലം ഇരുമ്പിന്റെ വിലയുള്ള ഒരു വസ്തുവായി മാറും.
വാഹനത്തിന്റെ രജിസ്ട്രേഷൻ പൂർണ്ണമായും ഇല്ലാതാക്കുന്നതോടെ ഇത് വീണ്ടും റോഡിലിറക്കാൻ സാധിക്കില്ല. കാർ ഓടിച്ച യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി. വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആരംഭിച്ചു.
ഓൺലൈൻ സൈറ്റുകളിൽ നിന്ന് ലഭ്യമാകുന്ന പ്രത്യേക കിറ്റുകൾ ഉപയോഗിച്ചാണ് എക്‌സോസ്റ്റിലൂടെ തീ വരുന്ന രീതിയിൽ മാറ്റം വരുത്തിയത്. ഇത് കാർ തന്നെ കത്തിയമരാൻ കാരണമായേക്കാവുന്ന വലിയ അപകടമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
“ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം അഭ്യാസങ്ങൾ ഗൗരവകരമാണ്. നേരത്തെയും ഈ വാഹനത്തിന് മേൽ 11 ഓളം നിയമലംഘന കേസുകളുണ്ട്. തെറ്റ് സമ്മതിച്ച ശേഷം ഫോൺ ഓഫാക്കി മുങ്ങിയ ഉടമയ്‌ക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കും.” — ദിലു, കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർടിഒ