ആഡംബര കാറിലെ യാത്രക്കാർ പോലീസിനോട് പറഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ; പരിശോധനയിൽ പിടിച്ചത്…


 ഒഡീഷയിൽ നിന്നും തമിഴ്‌നാട് വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സ്ത്രീയടക്കം മൂന്ന് പേർ പിടിയിൽ. കേരള – തമിഴ്‌നാട്  അതിർത്തിയായ കുമളിക്ക് സമീപം തേനി ജില്ലയിലെ ലോവർ ക്യാമ്പ് ചെക്ക്പോസ്റ്റിലാണ് സംഭവം. മധുര കാമരാജപുരം സ്വദേശികളായ മുനിയസ്വാമി , ബാലസുബ്രഹ്മണ്യൻ, സെൽവി എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. 35 കിലോ കഞ്ചാവും, ആഡംബര കാറും, പണവും പോലീസ് കസ്റ്റഡിയിലെടുത്തു.

 കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുമളി ലോവർ ക്യാമ്പ് സർക്കിൾ ഇൻസ്പെക്ടർ സൂര്യ തിലഗ റാണിയുടെ നേതൃത്വത്തിൽ പോലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. തേനി – കുമളി മെയിൻ റോഡിലൂടെ എത്തിയ ആഡംബര കാർ സംശയം തോന്നി പോലീസ് തടഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടി നൽകിയതോടെ സംശയം ബലപ്പെട്ടു. വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് 35 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ മൂവർ സംഘം പോലീസിനോട് പറഞ്ഞത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ആഡംബര കാർ, നാല് മൊബൈൽ ഫോണുകൾ, 1.18 ലക്ഷം രൂപ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഇവരുമായി കഞ്ചാവ് ഇടപാട് നടത്തുന്ന ഒഡീഷയിലെയും, കേരളത്തിലെയും ആളുകളെ കണ്ടെത്താനുള്ള അന്വേഷണം തമിഴ്‌നാട് പോലീസ് ആരംഭിച്ചിട്ടുണ്ട്. കഞ്ചാവെത്തുന്നത് തടയാൻ ഇരു സംസ്ഥാനങ്ങളും പരോശോധന നടത്തുന്നുണ്ടെങ്കിലും അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് ഇപ്പോഴും തുടരുകയാണ്.

Previous Post Next Post