സർക്കാര്‍ ആശുപത്രികളിലെ ചികിത്സാപിഴവ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മന്ത്രിക്ക് നേരെ അതിക്രമം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് 5 കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുക്കുകയും ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. നിലവില്‍ മന്ത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.