
തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിന് മുന്നിലെ സ്പാ മേയർ വി വി രാജേഷിന്റെ നിർദ്ദേശത്തെ തുടർന്ന് അടച്ചുപൂട്ടിയതിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹം എന്ന് റിപ്പോർട്ട്. മേയർ അടപ്പിച്ച സ്പായുടെ ലൈസൻസ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ന്യൂനപക്ഷ നേതാവിന്റെ പിതാവിന്റെ പേരിലാണ്. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഷൈൻ ലാലിന്റെ പിതാവ് എസ് മനോഹരന്റെ പേരിലാണ് സ്പാ ലൈസൻസ്.
സ്പായുടെ ലൈസൻസ് പിതാവിന്റെ പേരിലാണെങ്കിലും ഇതിന്റെ നടത്തിപ്പ് മറ്റൊരാളാണ്. ഇവിടെ അനധികൃത പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും മേയറെ പരാതിക്കാരി തെറ്റിദ്ധരിപ്പിച്ചതാണെന്നും ഷൈൻലാൽ പറയുന്നു. ജോലി തേടിയെത്തിയ യുവതിയോട് ആധാറും, ഫോട്ടോയും ആവശ്യപ്പെട്ടിരുന്നു. അത് നൽകാത്തതിനാൽ ജോലി നൽകിയില്ല. സ്പായിലെ ജീവനക്കാരോടും യുവതി അപമര്യാദയായാണ് പെരുമാറിയതെന്നാണ് ഷൈൻലാലിന്റെ വാദം. അതേസമയം യുവതി ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.
സ്പായിൽ അഭിമുഖത്തിനെത്തിയ യുവതി പരാതി വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരോട് പരിശോധന നടത്തി നടപടി സ്വീകരിക്കാൻ മേയർ നിർദ്ദേശിക്കുകയാണ് ഉണ്ടായത്. ഇതിന് പിന്നാലെ സ്പായുടെ പ്രീമിയം വിഭാഗം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. നഗരത്തിൽ 137 സ്പാകളും 17 മസാജ് കേന്ദ്രങ്ങൾ എന്നിവ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.
അതേസമയം ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് സ്പായുടെ അടച്ചുപൂട്ടിലിലേക്ക് എത്തിച്ചതെന്ന ആക്ഷേപമാണ് പ്രചരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും മേയർ തിരഞ്ഞെടുപ്പിലും ഉയർന്ന ഗ്രൂപ്പുപോരും ഇതിന് പിന്നിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ .