
മയക്കുമരുന്ന് കച്ചവടക്കാരനെ കുടുക്കാൻ തെളിവ് സഹിതം പോലീസിന് പരാതി നൽകി ഭാര്യ. ഒടുവിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ദില്ലി മൽഹാർഗഞ്ച് സ്വദേശിയായ യുവതിയാണ് മയക്കുമരുന്ന് റാക്കറ്റിന്‍റെ ഭാഗമായ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകിയത്. പോലീസ് കമ്മീഷ്ണർക്ക് യുവതി നൽകിയ പരാതിയിൽ സന്തോഷ് സിങ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവടക്കമുള്ള ലഹരിമരുന്ന് വിൽപ്പന നടത്തുന്നയാളാണ് സന്തോഷെന്ന് പോലീസ് പറഞ്ഞു. പോലീസിന് പരാതി നൽകിയതിന് പുറമെ വീടിനുള്ളിൽ കഞ്ചാവ് സൂക്ഷിക്കുന്നതിന്‍റെയും, അളവ് ത്രാസ്, പായ്ക്കിംഗ് മെറ്റീരിയൽ എന്നിവയുടെ വീഡിയോ അടക്കമാണ് യുവതി പോലീസിൽ പരാതി നൽകിയിരുന്നത്.
ബുദ്ധ കിരൺ മഹാലക്ഷ്മി നഗറിൽ യുവതിയുടെ ഭർത്താവ് ഒരു പാൻ കട നടത്തിയിരുന്നു. ഈ കടയുടെ മറവിൽ സന്തോഷ് ബുദ്ധ കിരൺ കോളേജിലെയും സമീപ ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കടക്കം കഞ്ചാവും, മദ്യവും മയക്കുമരുന്നുമടക്കം വിൽപ്പന നടത്തിയിരുന്നുവെന്നാണ് ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. വീഡിയോ അടക്കമുള്ള പരാതി കിട്ടിയതോടെ കമ്മീഷ്ണർ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് പോലീസ് പാൻ കട റെയ്ഡ് ചെയ്ത് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് സന്തോഷ് സിങ്ങിനെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവും മദ്യവും പിടിച്ചെടുത്തു.
തന്റെ ഭർത്താവ് വീട്ടിൽ മയക്കുമരുന്ന് തൂക്കി പായ്ക്ക് ചെയ്യുന്നുണ്ടെന്നും, നിയമവിരുദ്ധ പ്രവർത്തനം രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസത്തെയും, മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്നും സന്തോഷിന്‍റെ ഭാര്യ പോലീസിന് മൊഴി നൽകി. മയക്കുമരുന്ന് വിൽപ്പനയെ എതിർക്കുമ്പോഴെല്ലാം ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു. ഫെബ്രുവരി 4 ന് ഭർത്താവ് തന്നെ ആക്രമിച്ചു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പോലീസിൽ ആക്രമണം റിപ്പോർട്ട് ചെയ്തെങ്കിലും, പോലീസ് മയക്കുമരുന്ന് കണ്ടെത്താൻ പരിശോധനയ്ക്കെത്തിയില്ലെന്നും യുവതി പറഞ്ഞു