ശുചീകരണ തൊഴിലാളിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി രജനീകാന്ത്, രണ്ട് പവൻ സ്വർണമാല സമ്മാനമായി നൽകി


റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച്‌ സൂപ്പർ സ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച്‌ വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്. രണ്ട് പവൻ സ്വർണമാലയും താരം സമ്മാനമായി നൽകി. കഴിഞ്ഞ ജനുവരി 11-ന് ആയിരുന്നു ചെന്നൈയിലെ ടി. നഗർ പ്രദേശത്ത് റോഡ് വൃത്തിയാക്കുന്നതിനിടെ പത്മക്ക് ബാഗ് ലഭിച്ചത്. പരിശോധിച്ചപ്പോള്‍ 45 പവൻ സ്വർണ്ണാഭരണങ്ങള്‍ ലഭിച്ചു. ഒട്ടും വൈകാതെ തന്നെ പത്മ പോലീസിനെ വിവരമറിയിക്കുകയും അടുത്തുള്ള പോണ്ടി ബസാർ പോലീസ് സ്റ്റേഷനില്‍ സ്വർണം അടങ്ങിയ ബാഗ് ഏല്‍പ്പിക്കുകയും ചെയ്തു. പോലീസ് സ്വർണം ഉടമയ്ക്ക് കൈമാറി.

പത്മയുടെ നിസ്വാർത്ഥമായ പ്രവർത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം പത്മയെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. പത്മയുടെ ജീവിതം സമൂഹത്തിന് ഒരു വലിയ പാഠമാണെന്നും ഇന്നത്തെ തിരക്കുപിടിച്ച ലോകത്തും മനുഷ്യത്വം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്നും നടൻ രജനികാന്ത് പറഞ്ഞു. അദ്ദേഹം പത്മയെ ആദരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായി.

أحدث أقدم