കേന്ദ്രസർക്കാരിനെതിരെ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ




കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾക്കെതിരെ രാജ്യത്തെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. രാത്രി 12 മണിക്ക് തുടങ്ങുന്ന പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയായിരിക്കും. ദേശീയതലത്തിൽ ഐൻടിയുസി പണിമുടക്കിന്റെ ഭാഗമാണ്. എന്നാൽ, കേരളത്തിൽ സംയുക്ത പണിമുടക്കിൽ സംഘടന പങ്കാളിയല്ല.

വിവിധ സർക്കാർ അധ്യാപക സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ ബസ്, കെഎസ്ആർടിസി ജീവനക്കാരുടെ പങ്കാളിത്തം മൂലം ഗതാഗതം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത. ഓട്ടോ, ടാക്സി തൊഴിലാളികളും സമരത്തിൽ ചേരും. ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകമ്പോളങ്ങൾ എന്നിവയുടെ പ്രവർത്തനം പണിമുടക്കിനെ തുടർന്ന് തടസ്സപ്പെടും. ഐടി മേഖല, ചെറുകിട വ്യവസായങ്ങൾ, സ്വകാര്യമേഖല, തോട്ടം അധിഷ്ഠിത മേഖലകൾ, വൈദ്യുതി സേവനങ്ങൾ എന്നിവയും പണിമുടക്കിൽ ഉൾപ്പെടും. കർഷക സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അവശ്യസേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർഥാടകരെയും മാരാമൺ കൺവെൻഷനിൽ പങ്കെടുക്കുന്നവരെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു. മാരാമൺ കൺവെൻഷൻ നടക്കുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ ചെറി, തോറ്റപ്പുഴശ്ശേരി പഞ്ചായത്തുകൾ പണിമുടക്കിൽ നിന്ന് ഒഴിവാകും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ, ആംബുലൻസുകൾ തുടങ്ങിയ അത്യാവശ്യ സേവനങ്ങളും പണിമുടക്കിനെ ബാധിക്കില്ല.    30 കോടി തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) ജനറൽ സെക്രട്ടറി അമർജിത് കൗർ അറിയിച്ചു. സംയുക്ത കിസാൻ മോർച്ച പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എംജിഎൻആർഇജിഎ പുനസ്ഥാപനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളികളുടെ സംയുക്ത മുന്നണിയും സമരത്തിൽ പങ്കാളികളാകും.

കേന്ദ്ര സർക്കാർ നാല് തൊഴിൽ നിയമങ്ങളും ചട്ടങ്ങളും റദ്ദാക്കുക, ഡ്രാഫ്റ്റ് സീഡ് ബിൽ, വൈദ്യുതി ഭേദഗതി ബിൽ, SHANTI ആക്റ്റ് (Sustainable Harnessing and Advancement of Nuclear Energy for Transforming India) പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

أحدث أقدم