
വസ്തു തർക്കത്തെ തുടർന്ന് ഭാര്യാസഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കുത്തിയതോട് എഴുപുന്ന സൗത്ത് കൂവക്കാട് തറ വീട്ടിൽ സോമനെ (42) ആണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി- മൂന്ന് ജഡ്ജി എച്ച് ഷുഹൈബ് ശിക്ഷിച്ചത്. കുത്തിയതോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
2020 ജൂൺ 27ന് രാത്രി ഒമ്പതിനായിരുന്നു സംഭവം. പ്രതി സോമന്റെ ഭാര്യയുടെ സഹോദരൻ കൂവക്കാട് തറവീട്ടിൽ ശശിയെ വെട്ടരിവാൾ കൊണ്ട് ഇടതു പെടലിക്കും, കവിളിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. മരം വെട്ടുകാരനായ പ്രതി മീൻ പിടിച്ച് ജീവിക്കുന്ന ശശിയെ കൊലപ്പെടുത്താൻ വേണ്ടിയാണ് ആക്രമിച്ചത്. സംഭവത്തെ തുടർന്ന് കുത്തിയതോട് ഇൻസ്പെക്ടർ എ വി ബിജു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ ബി ശാരി ഹാജരായി. സിവിൽ പോലീസ് ഓഫീസർ അമൽ സി സഹായിയായി. പ്രതി സോമൻ ഇതേ ഭാര്യാസഹോദരനെ വീണ്ടും ആക്രമിച്ച കേസിൽ ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതിയെ വിധി കേൾക്കാൻ കോടതിയിൽ ഹാജരാക്കിയിരുന്നു.