‘ലിങ്കില്‍ കയറി പണം അടയ്ക്കണം’; കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്


കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം. ആര്‍മി കാന്റീനിലേക്ക് തേയില വേണമെന്നും കരാര്‍ ലഭിക്കാനായി ലിങ്കില്‍ കയറി പണം അടക്കണമെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞത്. കോട്ടയം നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന റെയിന്‍ബോ ട്രേഡിങ് കമ്പനി ഉടമയായ അമീനിനാണ് തട്ടിപ്പുസന്ദേശം ലഭിച്ചത്. സംഭവത്തില്‍ അമീന്‍ കോട്ടയം സൈബര്‍ പൊലീസില്‍ പരാതി നല്‍കി

കോട്ടയത്തെ ആര്‍മി ക്യാംപിലേക്ക് വലിയ അളവില്‍ തേയില ആവശ്യമുണ്ടെന്നും അതിനായി ടെണ്ടര്‍ അയക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തട്ടിപ്പുകാരുടെ സന്ദേശം. സന്ദേശത്തിന് പിന്നാലെ കൃനാല്‍ ചൗധരിയെന്ന സൈനികന്റെ പേരില്‍ ഫോണ്‍ കോളെത്തുകയും ചെയ്തു. പിന്നീട് പാങ്ങോട് സൈനികകേന്ദ്രത്തിലെ ജിഎസ്ടി നമ്പര്‍ നല്‍കി വിശ്വാസം പിടിച്ചുപറ്റാനും സംഘം ശ്രമം നടത്തിയതായി പരാതിക്കാരന്‍ പറഞ്ഞു.

ഇറക്കുമതി ചെയ്യേണ്ട തേയിലയുടെ അളവിനെ കുറിച്ചും ഗുണമേന്മയെ കുറിച്ചും വാട്സ്ആപ്പിലൂടെ സംസാരിക്കുകയും ചെയ്തു. കരാറിനായി അയച്ചുതന്ന ലിങ്ക് വഴി പണമടക്കണമെന്ന് നിര്‍ബന്ധിച്ചതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. തുടര്‍ന്ന് അമീന്‍ കോട്ടയം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഗുജറാത്ത് കേന്ദ്രമാക്കിയ തട്ടിപ്പുസംഘമാണ് സംഭവത്തിന് പിന്നിലെന്നും പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായും സൈബര്‍ പൊലീസ് പറഞ്ഞു

أحدث أقدم