കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണമെന്ന് കര്‍ഷക കൂട്ടായ്മകള്‍


കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണമെന്ന് കര്‍ഷക കൂട്ടായ്മകള്‍. സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സ് ഉള്ളവരെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവയ്ക്കുന്നത് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവിൻ്റെ സാഹചര്യത്തിലാണ് ആവശ്യം. ഉത്തരവ് കർഷകർക്ക് തിരിച്ചടിയാണെന്ന് പാടശേഖര കമ്മിറ്റികളുടെ കര്‍ഷക കൂട്ടായ്മകൾ പറയുന്നു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സ്വയരക്ഷ, വിളസംരക്ഷണം എന്നീ കാറ്റഗറിയില്‍ ഗണ്‍ ലൈസന്‍സ് ലഭിച്ചവര്‍ മറ്റു പഞ്ചായത്തുകളില്‍ പോയി വെടിവെക്കാന്‍ തയ്യാറാകാത്തത് വലിയ പ്രശ്‌നമാണുണ്ടാകുന്നത്. ഇവർ തയ്യാറായാലും പ്രായോഗിക പരിജ്ഞാന കുറവും, ശാസ്ത്രീയ പരിശീലനം ഇല്ലാത്തതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

 എന്നാല്‍, സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സ് ഉള്ളവര്‍ ജില്ലയിലെ നിരവധി മേഖലകളില്‍ കാട്ടുപന്നികളെ നിയമപരമായി വെടിവെച്ചു കൊല്ലുകയും, മറവും ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് ഒരു പരിധിവരെ വലിയ കൃഷിനാശം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. കര്‍ഷക കൂട്ടായ്മ ഭാരവാഹികളായ പി.ഡി. ജേക്കബ്, ഔസേപ്പ് കൊമ്പന്‍, ദീപക്ക് വല്ലചിറക്കാരന്‍, കാവല്ലൂര്‍ കവിത കര്‍ഷക കൂട്ടായ്മ ഭാരവാഹികളായ രാജു കിഴക്കുടന്‍, പി.ആര്‍. ഡേവിസ്, പി.എം. ഉമ്മര്‍ എന്നിവര്‍ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി. തൃക്കൂര്‍, അളഗപ്പനഗര്‍, വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലെ കാട്ടുപന്നിശല്യം പരിഹരിക്കുന്ന വിഷയത്തില്‍ ഗൗരവപൂര്‍വം ഇടപെടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ. മന്ത്രി എ.കെ. ശശീന്ദ്രന് കത്ത് നല്‍കിയിട്ടുണ്ട്.

أحدث أقدم