വൻ തകർച്ച നേരിട്ട് ഇന്ത്യൻ ഓഹരി വിപണി: തിങ്കളാഴ്ച മാത്രം നിക്ഷേപകർക്ക് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടം




മുംബൈ: 2025-26 സാമ്പത്തികവർഷത്തെ അവസാന ട്രേഡിങ് ദിനത്തിലും വൻ തകർച്ച നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. മാർച്ച് 30-ന് ബിഎസ്ഇ സെൻസെക്‌സ് 1635 പോയിന്റ്(2.22 ശതമാനം) ഇടിഞ്ഞ് 71,948 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി50 488 പോയിന്റ്(2.14 ശതമാനം) ഇടിഞ്ഞ് 22,331 എന്നനിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ബാങ്ക്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സെക്ടറുകളാണ് തിങ്കളാഴ്ച ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. തിങ്കളാഴ്ച മാത്രം നിക്ഷേപകർക്ക് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.

ഓഹരി വിപണിയിലെ തകർച്ചയ്‌ക്കൊപ്പം തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യത്തിലും റെക്കോഡ് തകർച്ചയുണ്ടായി. ഡോളറിനെതിരേ 95.24 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇത് 94.81 രൂപയായിരുന്നു.

പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് വിപണിയിലെ തകർച്ചയ്ക്ക് പ്രധാന കാരണം. അതിനിടെ, തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക് ഉയരുകയും ചെയ്തിരുന്നു.

Previous Post Next Post