
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. സ്റ്റേജ് ആർട്ടിസ്റ്റും സംവിധായകനും നടനുമൊക്കെയായ രമേഷ് പിഷാരടി പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. അതിന് മുൻപ് മിമിക്രി ആർട്ടിസ്റ്റായ രമേഷ് പിഷാരടി മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള താരങ്ങൾക്കൊപ്പം അഭിനയിച്ച് ബിഗ് സ്ക്രീനിൽ തിളങ്ങിയിരുന്നു. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുകയാണ് താരം. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് രമേഷ് പിഷാരടി മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അരയും തലയും മുറുക്കി രമേഷ് പിഷാരടി മുന്നിൽ തന്നെയുണ്ട്. വോട്ടർന്മാരോട് വോട്ട് അഭ്യർത്ഥിക്കുന്ന, അവരോട് കുശലം പറയുന്ന പിഷാരടിയുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. അക്കൂട്ടത്തിലൊരു വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധനേടുകയാണ്. പിഷാരടിയുടെ നാള് ചോദിക്കുന്നൊരു ഉമ്മയുടെ വീഡിയോ ആണിത്. പ്രചാരണത്തിന് പോകുമ്പോൾ ആണ് രമേഷ് പിഷാരടിക്ക് മുന്നിൽ ഉമ്മയെത്തിയത്.
‘എന്താ വേണ്ടേ’ എന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോൾ, ‘ഒരാൾക്ക്.. നാള് ചോയിക്ക്ണ്ടേ. അവരിക്ക് അമ്പലത്തിൽ വഴിപാട് ചെയ്യാനാണ്..’, എന്നായിരുന്നു ഉമ്മ മറുപടി പറഞ്ഞത്. ഇതിന് സന്തോഷത്തോടെ തന്റെ നാള് വിശാഖം ആണെന്ന് പിഷാരടി മറുപടിയും നൽകുന്നുണ്ട്. ഇതാണ് കേരള സ്റ്റോറി എന്ന് പറഞ്ഞാണ് വീഡിയോ പലരും പങ്കുവച്ചിരിക്കുന്നത്. ഒപ്പം നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.