കിട്ടി മോനേ ....! യഥാർത്ഥ ‘പൊൻമുട്ടയിടുന്ന താറാവ്’… വയറ്റിൽ നിന്ന് കണ്ടെടുത്തത് 1.6 ലക്ഷത്തിന്റെ സ്വർണം…


പൊൻമുട്ടയിടുന്ന താറാവ്’ എന്നത് ഒരു ഭാഷാ പ്രയോഗമാണ്. എന്നാൽ ചൈനയിൽ ഹുനാൻ പ്രവിശ്യയിലെ ലോങ്‌ഹുയി കൗണ്ടിയിലെ ഒരു ഗ്രാമത്തിൽ നിന്നും താറാവിനെ കൊല്ലുന്നതിനിടെ ഏകദേശം 1.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കണ്ടെത്തിയെന്ന് വാ‍ർത്തകൾ. കഴിഞ്ഞ ഫെബ്രുവരിയിലാണ ഈ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏകദേശം 10 ഗ്രാം ഭാരമുള്ള സ്വർണ്ണമാണ് കണ്ടെത്തിയത് ഇതിന് ഏകദേശം 12,000 യുവാൻ ( ഏകദേശം 1.60 ലക്ഷത്തോളം രൂപ) വിലയുണ്ടെന്ന് സിൻവെൻഫാങ് റിപ്പോർട്ട് ചെയ്യുന്നു.

ലിയു എന്ന് പേരുള്ള ഒരു ഗ്രാമീണൻ തന്‍റെ വീട്ടിലെ താറാവിനെ അറുക്കുന്നതിനിടെ അതിന്‍റെ വയറ്റിൽ നിരവധി ചെറിയ സ്വർണ കണികകൾ കണ്ടെത്തുകയായിരുന്നെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അപ്രതീക്ഷിതമായി താറാവിന്‍റെ വയറ്റിൽ സ്വർണ കണികകൾ കണ്ടെത്തിയതോടെ ലിയും അതിനെ എടുത്ത് ചൂടാക്കി. ഇതോടെ കണികൾ എല്ലാം ഉരുകുകയും ഏതാണ്ട് 10 ഗ്രാമുള്ള ഒരു സ്വർണ കട്ടി ലഭിക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വരും വർഷത്തെ ഭാഗ്യത്തിന്‍റെ സൂചനയായാണ് ലിയുവിന്‍റെ പിതാവ് ഈ കണ്ടെത്തലിനെ കുറിച്ച് പറഞ്ഞത്.

ഗ്രാമത്തിനടുത്തുള്ള നദിക്കരയിൽ നിന്നും എന്തെങ്കിലും കൊത്തിത്തിന്നുന്നതിനിടെ താറാവ് സ്വർണ്ണം വിഴുങ്ങിയതാകാമെന്ന് ലിയു പറയുന്നു. ലിയുവിന്‍റെ കുടുംബം താറാവ് കർഷകരാണ്. ഇവരുടെ താറാവുകൾ നദീതീരത്തെ ചെളിയിലും മണ്ണിലുമാണ് മിക്ക സമയവും കഴിച്ച് കൂട്ടുന്നത്. ഒരു കാലത്ത് സ്വർണഖനനത്തിന് പേരുകേണ്ട നദിയാണ് ചെൻഷുയി നദി. ഇപ്പോഴും നദീ തീരത്ത് നിന്നും അപൂർവ്വമായി സ്വർണ തരികൾ ലഭിക്കാറുണ്ട്. ഭക്ഷണത്തോടൊപ്പം താറാവ് സ്വർണതരികൾ വിഴുങ്ങിയെങ്കിലും അത് ദഹിക്കാതെ കിടന്നു. അതേസമയം ഇത്തരമൊരു സംഭവം പ്രദേശത്ത് ആദ്യത്തേതാണെന്നും ലിയും അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം ഇതേ നദിയിൽ നിന്ന് മണൽ അരിച്ചതിലൂടെ ഗ്രാമവാസികൾക്ക് 10 ഗ്രാമിൽ കൂടുതൽ സ്വർണ്ണം ലഭിച്ചതായും റിപ്പോർട്ടുണ്ട്

Previous Post Next Post