ആശങ്കകൾക്ക് വിരാമം… കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ മാർച്ച് 31-ന് വിസിൽ മുഴങ്ങും…


കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഹോങ്കോങ് രാജ്യാന്തര ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. ജിസിഡിഎ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിങ്കളാഴ്ച അടയ്ക്കാമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) സത്യവാങ്മൂലം നൽകിയതോടെയാണ് പ്രതിസന്ധി നീങ്ങിയത്. ഇതോടെ മാർച്ച് 31-ന് നിശ്ചയിച്ച പ്രകാരം മത്സരം നടക്കുമെന്ന് ഉറപ്പായി.

സ്റ്റേഡിയത്തിന്റെ വാടകയായ 3.54 ലക്ഷം രൂപ കെഎഫ്എ നേരത്തെ അടച്ചിരുന്നു. എന്നാൽ, 25 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മുഴുവനായി ലഭിക്കാതെ സ്റ്റേഡിയം വിട്ടുനൽകില്ലെന്ന കർശന നിലപാടിലായിരുന്നു ജിസിഡിഎ. കഴിഞ്ഞ ദിവസം മത്സരവിവരങ്ങൾ പങ്കുവെക്കാൻ ഇന്ത്യൻ കോച്ച് ഖാലിദ് ജമീൽ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിൽ വാർത്താസമ്മേളനം വിളിച്ചിരുന്നു. എന്നാൽ പണമടയ്ക്കാത്തതിന്റെ പേരിൽ ജിസിഡിഎ ഇവരെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയത് വലിയ വിവാദമായിരുന്നു.

25 ലക്ഷം രൂപ തിങ്കളാഴ്ചയ്ക്കുള്ളിൽ അടച്ചുതീർക്കാമെന്ന് കെഎഫ്എ രേഖാമൂലം ഉറപ്പുനൽകി. ഈ സത്യവാങ്മൂലം ജിസിഡിഎ അംഗീകരിച്ചതോടെ സ്റ്റേഡിയത്തിലെ നിയന്ത്രണങ്ങൾ നീക്കി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-ഹോങ്കോങ് മത്സരം നടക്കുക. തടസ്സങ്ങൾ നീങ്ങിയതോടെ ഇന്ത്യൻ ടീം പരിശീലനം പുനരാരംഭിക്കും.

Previous Post Next Post