കുന്നംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി വെട്ടി…3 ബിജെപി പ്രവർത്തകർ പിടിയിൽ


കുന്നംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി ആക്രമിച്ച് വെട്ടിപരിക്കേൽപ്പിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയങ്ങാട് കുനിയത്ത് വീട്ടിൽ ആദിത്യൻ (20), കാട്ടാകാമ്പാൽ സ്വദേശി ദേവപ്രസാദ് (19), കളത്തിൽ വീട്ടിൽ ദീപക് (21) എന്നിവരെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്രായിൽ വെളിയത്ത് വീട്ടിൽ സുഗതന്റെ മകൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സഞ്ജയിനെയാണ് (19) പ്രതികൾ മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചത്.

സഞ്ജയിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വടികൊണ്ടും കൈകൊണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം വീടിന്റെ മുൻഭാഗത്തെ ജനൽ ചില്ലുകളും പ്ലാസ്റ്റിക് കസേരകളും അടിച്ച തകർത്ത പ്രതികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ബൈക്കിൽ കടന്നുകളഞ്ഞത്. പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകളിൽ പെയിന്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കിടയിൽ കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന തർക്കങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

Previous Post Next Post