ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി. 27 സീറ്റുകളിൽ മുസ്ലിം ലീഗ് ജനവിധി തേടും. 8 സീറ്റുകളിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിക്കും. കേരള കോൺഗ്രസിന്റെ ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഒരു പ്രാവശ്യത്തേക്ക് കോൺഗ്രസിന് വിട്ടു നൽകിയിരിക്കുകയാണ്. കേരള കോൺഗ്രസിന്റെ തൃക്കരിപ്പൂർ മണ്ഡലം വിട്ടു നൽകുകയും, പകരം കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് അവർക്ക് വിട്ടുനൽകുകയും ചെയ്തതായി വിഡി സതീശൻ അറിയിച്ചു.
ആർഎസ്പി കഴിഞ്ഞ പ്രാവശ്യം 5 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണയും 5 സീറ്റുകളിൽ തന്നെ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച മട്ടന്നൂർ സീറ്റ് ആർഎസ്പി കോൺഗ്രസിന് വിട്ടുനൽകി. പകരം പയ്യന്നൂർ ആർഎസ്പിക്ക് നൽകിയിട്ടുണ്ട്. ആ സീറ്റിൽ ആർഎസ്പി സ്ഥാനാർത്ഥിയെ നിർത്തില്ല. പകരം സിപിഎം വിമതനായ വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനാണ് ആർഎസ്പിയുടേയും യുഡിഎഫിന്റെയും തീരുമാനം.
കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബിന് പിറവം, സിഎംപിയ്ക്ക് തിരുവനന്തപുരം സെൻട്രൽ മണ്ഡലവും, കെഡിപിയിലെ മാണി സി കാപ്പന് പാലാ മണ്ഡലവും നൽകും. ആർഎംപിക്ക് വടകരയും നൽകിയിട്ടുണ്ട്. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി തൃണമൂൽ കോൺഗ്രസിന്റെ പി വി അൻവറും മത്സരിക്കും. സ്വതന്ത്രരെ പിന്താങ്ങുന്ന മണ്ഡലങ്ങൾ സംബന്ധിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അനുവാദത്തോടെ ഇന്നുതന്നെ തീരുമാനമെടുക്കുമെന്നും വിഡി സതീശൻ അറിയിച്ചു.
ചാത്തന്നൂർ സീറ്റ് ഫോർവേഡ് ബ്ലോക്കിന് നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. എന്നാൽ അവർ പരിശോധിച്ച ശേഷം കോൺഗ്രസ് മത്സരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് സീറ്റ് തിരിച്ചു തന്നു. അതിൽ ഫോർവേഡ് ബ്ലോക്കിനും ജി ദേവരാജനും നന്ദി അറിയിക്കുകയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഫോർവേഡ് ബ്ലോക്കിനോട് യുഡിഎഫ് പൂർണമായ നീതി പുലർത്തും. ഇതു വാക്കാണ്. രാജ്യസഭാ സീറ്റ് ആയിരിക്കുമോ എന്നതൊന്നും പറയാൻ താനാളല്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.