
ശബരിമല സന്നിധാനത്തിൽ ഭക്തർ സമർപ്പിക്കുന്ന അരി ശേഖരിക്കുന്നതിനിടെ, അരിയോടൊപ്പം വീഴുന്ന പണം മോഷ്ടിച്ച് പോസ്റ്റ് ഓഫീസിലൂടെ നാട്ടിലേക്ക് അയച്ചെന്ന കേസിൽ അഞ്ച് താത്കാലിക ജീവനക്കാരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്ന് സൂചന. അടൂർ ചൂരക്കോട് സ്വദേശി ആർ. പ്രദീപ്, തിരുവനന്തപുരം വിതുര സ്വദേശി ബിജുകുമാർ, കൊല്ലം നെടുവത്തൂർ സ്വദേശി എസ്. ബൈജു, പുനലൂർ കരവാളൂർ സ്വദേശികളായ ആർ. അജിമോൻ, അരുൺ കൃഷ്ണൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ മണ്ഡലകാലത്താണ് സംഭവം നടന്നത്. സന്നിധാനത്തെ പോസ്റ്റ് ഓഫീസിലൂടെ അസാധാരണമായി പണം അയച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്