തേൻ വിൽക്കാൻ പോയ മധ്യവയസ്കനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…. മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ


കൊല്ലം: തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ചെമ്പനരുവി വനമേഖലയിൽ തേൻ വില്പനയ്ക്കായി പോയ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പനരുവി മുള്ളുമല ഗിരിജൻ ഉന്നതിയിലെ താമസക്കാരനായ സുദേവൻ (53) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും തേനുമായി കച്ചവടത്തിന് പോയ സുദേവനെ പിന്നീട് തൊട്ടടുത്ത കാട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ കവിത സോമരാജനും പോലീസും സ്ഥലത്തെത്തി. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ സുദേവന്റെ ശരീരത്തിൽ അരയ്ക്ക് താഴെയായി മുറിവേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവാണോ മരണകാരണമെന്നത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നു.

പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് നാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

أحدث أقدم