
കേന്ദ്ര സർക്കാരും സംസ്ഥാനത്തെ ബിജെപിയും എഫ്‌സിആർഎ ഭേദഗതിയുമായി ബന്ധപ്പെട്ട് വിമർശനം നേരിടുന്നതിനിടെ രൂക്ഷമായ പ്രതികരിച്ച് പി സി ജോർജ്. ബിജെപിക്ക് നല്ല മാന്യതയുണ്ട് അതുകൊണ്ടാണ് ക്രിസ്‌ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്ന് പിസി ജോർജ് പറഞ്ഞു. അവരെ താങ്കൾ മാനിക്കുന്നുവെന്നാണ് പിസി പറഞ്ഞത്.
‘ഇന്ത്യയിലാകെ രണ്ടേകാൽ ശതമാനം ക്രിസ്‌ത്യാനികളെ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്. ബിജെപി എന്നുകേട്ടാൽ ഹാലിളകും. ഇവർക്കൊന്നും തലയ്‌ക്ക് സ്ഥിരതയില്ല. പുതിയ നിയമഭേദഗതിയിൽ ആർക്കും ആശങ്ക വേണ്ട. ബിജെപിയെപ്പോലെ ഇത്രയും ക്രിസ്‌ത്യാനികളെ അംഗീകരിച്ച ഒരു രാഷ്‌ട്രീയ പാർട്ടി വേറെ ഉണ്ടായിട്ടില്ല.’ പിസി ജോർജ് വ്യക്തമാക്കി.
കോൺഗ്രസ് ഭരിച്ചപ്പോൾപോലും ക്രിസ്‌ത്യൻ മുഖ്യമന്ത്രിമാർ ഇത്രയുണ്ടായിട്ടുണ്ടോ എന്ന് ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ‘കോൺഗ്രസ് ഭരിച്ചപ്പോൾ പോലും ഇത്രയും ക്രിസ്‌ത്യാനികളായ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ടോ? ഇതൊക്കെ ഒളിച്ചുവെച്ചുകൊണ്ട് പിതാക്കന്മാർ ഇങ്ങനെ ഊളത്തരം പറയാൻ പാടില്ല. അതുകൊണ്ടാണ് ഇങ്ങനെ കടുപ്പിച്ച് പറയുന്നത്.’ പിസി ജോർജ് പറഞ്ഞു.എഫ്‌സിആർഎ ഭേദഗതി സാധാരണക്കാർക്കും ക്രൈസ്‌തവ ന്യൂനപക്ഷങ്ങൾക്കുമിടയിൽ വലിയ ആശങ്കയുണ്ടാക്കിയെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് വ്യക്തമാക്കിയിരുന്നു.
നിയമത്തിലെ പഴുതടയ്‌ക്കാനും ഭരണം കാര്യക്ഷമമാക്കാനും ഭേദഗതികൾ നല്ലതാണെങ്കിലും ഇപ്പോൾ മാറ്റങ്ങൾ ഒരു ‘നിയന്ത്രിത’ സ്വഭാവത്തിൽ നിന്ന് നിയന്ത്രിച്ചുവയ്‌ക്കൽ എന്ന നിലപാടിലേക്ക് മാറുന്നതായി തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. ഭേദഗതി ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം, സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസ്വാതന്ത്ര്യം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും ബിഷപ്പ് അറിയിച്ചു.
എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദാക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്താൽ, വിദേശ സഹായത്തോടെ നിർമിച്ച എൻ.ജി.ഒ.കളുടെ ആസ്തികൾ സർക്കാർ അതോറിറ്റിയിൽ നിക്ഷിപ്തമാകുമെന്ന വ്യവസ്ഥ അപകടകരമാണ്. ഇത് സ്ഥാപനങ്ങളുടെ ഭരണപരമായ സ്വാതന്ത്ര്യത്തെയും നിലനിൽപ്പിനെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ എന്തിനാണ് ചാരിറ്റിയെ ഭയക്കുന്നത്? പാവപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന ധർമാശുപത്രികൾ, കുഷ്ഠരോഗ കേന്ദ്രങ്ങൾ, ഗ്രാമീണ സ്‌കൂളുകൾ എന്നിവയുടെ പ്രവർത്തനത്തെ ഫണ്ടുകളുടെ ലഭ്യതക്കുറവ് കാര്യമായി ബാധിക്കു. എലിയെ തോൽപ്പിക്കാൻ ഇല്ലം ചുടുന്ന രീതിയിലുള്ള നിയമനിർമ്മാണമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.