ഭർത്താവല്ല, വീണ നേരിട്ട് പറയട്ടെ; ആറന്മുളയിൽ വീണ ജോർജ്ജിനെ മത്സരിപ്പിക്കരുതെന്ന ഭർത്താവിന്റെ ആവശ്യം സിപിഎം അംഗീകരിക്കാനിടയില്ല





തിരുവനന്തപുരം : മന്ത്രി വീണാജോർജ്ജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ഭർത്താവ് ജോർജ് ജോസഫിന്റെ ആവശ്യം സിപിഎം അംഗീകരിക്കാനിടയില്ലെന്ന് റിപ്പോർട്ട്. ആറൻമുള മണ്ഡലത്തിൽ വീണയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം പാർട്ടി ഇതിനകം എടുത്തതിനാൽ, അതിൽനിന്ന് പിന്മാറാനാവില്ലെന്നതാണ് നേതൃത്വത്തിന്റെ നിലപാട്. വീണയെ മത്സരിപ്പിക്കരുതെന്ന് സിപിഎ. നേതാക്കളോട് വീണയുടെ ഭർത്താവ് ജോർജ് ജോസഫ് ആവശ്യപ്പെട്ടെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ജോർജ് ജോസഫ് തയ്യാറായില്ല.

ബുധനാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റിയും ഈ വിഷയത്തിൽ ചർച്ച നടത്തുമെന്നാണ് സൂചന. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജോർജിന്റെ ആവശ്യം യോഗത്തിൽ പങ്കെടുത്ത തോമസ് ഐസക്ക് സംസ്ഥാന സെക്രട്ടേറിയറ്റിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. മത്സരിക്കാൻ താൽപര്യമില്ലെങ്കിൽ അത് വീണാജോർജ് തന്നെ ഔദ്യോഗികമായി അറിയിക്കണമെന്ന അഭിപ്രായവും നേതൃത്വത്തിൽ ഉയർന്നിട്ടുണ്ട്.

അതിനിടെ, കണ്ണൂരിൽ കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ് പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന മന്ത്രി ചൊവ്വാഴ്ച വീണ്ടും പൊതുചടങ്ങുകളിൽ പങ്കെടുത്തു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ അവരെ ഒഴിവാക്കുകയും ചെയ്തു. ചൊവ്വാഴ്ച പത്തനംതിട്ടയിൽ നടന്ന രണ്ട് സർക്കാർ പരിപാടികളിൽ പങ്കെടുത്ത വീണാജോർജിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പി.ആർ. സംഘവും സജീവമായിരുന്നു. സാമൂഹിക മാധ്യമ പ്രചാരണത്തിനായി രൂപീകരിച്ച അഞ്ചംഗ ടീം തിങ്കളാഴ്ച മുതൽ രംഗത്തിറങ്ങിയി ട്ടുണ്ട്. പരിപാടികളുടെ വീഡിയോയും ചിത്രങ്ങളും സംഘം ചിത്രീകരിച്ചിരുന്നു. മന്ത്രിക്കെതിരെ കനത്ത പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്ന കെ.എസ്.യു ചൊവ്വാഴ്ച മന്ത്രിയുടെ പൊതുചടങ്ങിനിടയിൽ പ്രതിഷേധവുമായി എത്തിയില്ല. പ്രതിഷേധം കടുപ്പിച്ചാൽ അത് പ്രതികൂലമായി മാറുമെന്ന വിലയിരുത്തലാണ് പിൻവാങ്ങലിന് കാരണം. മന്ത്രിക്കൊപ്പം വലിയ പൊലീസ് സന്നാഹവും ഉണ്ടായിരുന്നില്ല.
Previous Post Next Post