ന്യൂസീലൻഡിൽ രണ്ട് വർഷം മുൻപ് കാണാതായ മൂവാറ്റുപുഴ സ്വദേശിയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി...




മൂവാറ്റുപുഴ(എറണാകുളം) ന്യൂസീലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ മൂവാറ്റുപുഴ ലബ്ബക്കടവ് ചെമ്പകത്തിനാൽ ബാബു ജോർജിന്റെ മകൻ ഫെർസിൽ ബാബുവിന്റെ (36) ഭൗതികാവശിഷ്ട‌ങ്ങൾ കണ്ടെത്തി

2024 മേയ് ഒന്നിനാണ് ഫെർസിൽ ബാബുവും സുഹൃത്ത് ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാറും (37) റോക്ക് ഫിഷിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. തീരത്തെ പാറക്കെട്ടിൽ നിന്നു ചൂണ്ടയിട്ടപ്പോൾ ഇരുവരും കടലിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. ശരത് കുമാറിന്റെ മൃതദേഹം തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കണ്ടെത്തി. എന്നാൽ ന്യൂസീലൻഡ് പൊലീസ് കരയിലും കടലിലും വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും ഫെർസിലിനെ കണ്ടെത്താനായിരുന്നില്ല.

അപകടം നടന്ന സ്‌ഥലത്തുനിന്ന്
2024 ഡിസംബർ 24ന് ലഭിച്ച
അസ്‌ഥികൂടം ഫെർസിലിന്റേതാകാമെന്ന സംശയത്തെത്തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ 6നാണ് പരിശോധനാഫലം വന്നത്. ഫെർസിലിന്റേതാണെന്ന് സ്ഥിരീകരിച്ച വിവരം ന്യൂസീലൻഡ് പൊലീസ് ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചു.

ദുബായിൽ ജോലി ചെയ്‌തിരുന്ന ഫെർസിൽ, 2023 ജനുവരിയിലാണ് ന്യൂസീലൻഡിൽ നഴ്സായ തിരുവല്ല സ്വദേശിനി ആഷിയെ വിവാഹം കഴിച്ചത്. വർക്ക് പെർമിറ്റ് ലഭിച്ച്, പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണു വിധി ദുരന്തത്തിന്റെ രൂപത്തിലെത്തിയത്.
ഭൗതികാവശിഷ്ട‌ങ്ങൾ നാട്ടിലെത്തിച്ച് മതപരമായ ചടങ്ങുകളോടെ സംസ്കരിക്കാനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചു. ലൈലയാണ് ഫെർസിലിന്റെ അമ്മ.

أحدث أقدم