കുവൈറ്റ് സിറ്റി: കുവൈറ്റിലെ തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. രാജ്യത്തെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ മിന അബ്ദുള്ളയിലെ ഒരു പ്രവർത്തന യൂണിറ്റിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് യൂണിറ്റിൽ വൻ തീപിടുത്തമുണ്ടായതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി) സ്ഥിരീകരിച്ചു.
ഔദ്യോഗിക വാർത്താ ഏജൻസിയായ ‘കുന’യ്ക്ക് നൽകിയ പ്രസ്താവന പ്രകാരം, അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മിന അൽ-അഹ്മദി റിഫൈനറിക്ക് നേരെ ഇന്ന് രാവിലെ നടന്ന ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് മിന അബ്ദുള്ളയിലും സ്ഫോടനമുണ്ടായത്. ഇറാന്റെ ഭാഗത്തുനിന്നാണ് ഈ ആക്രമണങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിഫൈനറിയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പ്രദേശം സുരക്ഷിതമാക്കാനും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള ശ്രമത്തിലാണ് കെഎൻപിസി. എണ്ണ ഉൽപ്പാദനത്തെയും വിതരണത്തെയും ഈ സാഹചര്യം എങ്ങനെ ബാധിക്കുമെന്ന് വരും മണിക്കൂറുകളിൽ വ്യക്തമാകും. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്