
കേരളം ഭരണ തുടർച്ചയ്ക്ക് കാത്തിരിക്കുകയാണെന്ന് നടനും സംവിധായകനുമായ സോഹൻ സീനുലാൽ. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടതെന്നും, അല്ലാതെ തമ്മിലടിക്കുന്നവരുടെ കൂട്ടമല്ലെന്നും സോഹൻ സീനുലാൽ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
‘കേരളം മുഴുവൻ ഒരു ഭരണ തുടർച്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഒരുപാട് കാര്യങ്ങൾ എൽഡിഎഫ് സർക്കാർ തുടങ്ങി വച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ നടപ്പിലാക്കി. അതിനൊരു തുടർച്ച വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ. പിണറായി സർക്കാർ തന്നെ തുടരട്ടെ. എന്തെങ്കിലുമൊക്കെ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന സർക്കാർ വരണമെന്നല്ലേ നമ്മളൊക്കെ ആഗ്രഹിക്കുക. അല്ലാതെ തമ്മിലടിക്കുന്ന ഒരുകൂട്ടം അധികാരത്തിലേക്ക് വന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നമുക്ക് അറിയാമല്ലോ’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, യുഡിഎഫ് ഭരണത്തിൽ വരികയാണെങ്കിൽ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിനും സോഹൻ സീനുലാൽ മറുപടി നൽകുന്നുണ്ട്. യുഡിഎഫിനെ പരിഹസിക്കുന്നതായിരുന്നു സോഹന്റെ മറുപടി. യുഡിഎഫിന് തന്നെ അത് അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ‘അത് യുഡിഎഫിന് തന്നെ അറിയില്ലല്ലോ. അവർക്കേ അറിയില്ല. പിന്നെ ഞാൻ എങ്ങനെ പറയാനാണ്’, എന്നാണ് സോഹൻ മറുപടി നൽകിയത്.
കേരളത്തിൽ ബിജെപി ഭരണത്തിൽ വരാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകുന്നുണ്ട്. ‘മതനിരപേക്ഷ മനസാണ് കേരളത്തിന്റേത്. അതുകൊണ്ടു തന്നെ ഫാസിസ്റ്റ്, വർഗീയത, ഹിന്ദുത്വം എന്നൊക്കെ പറഞ്ഞ് വരുന്നത് ഏത് മതത്തിൽപ്പെട്ടവരായാലും അംഗീകരിക്കില്ല. കേരളത്തിൽ പൊതുമനസാണ്’ എന്നായിരുന്നു സോഹൻ സീനുലാലിന്റെ മറുപടി.