മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോളില്ല. ഇതുമായി ബന്ധപ്പെട്ട ഉയരുന്ന വിവാദം അനാവശ്യമാണ്. കോൺഗ്രസ് രീതി വ്യക്തമാണ്. യുഡിഎഫിന് ഡീൽ ജനങ്ങളുമായാണെന്നും നേമത്ത് ബിജെപി വോട്ടുകൾ പാഴാവുമെന്നും ശശി തരൂർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോൺഗ്രസ് വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി എന്ന ചർച്ചയാണ് ഉയരുന്നത്. നേതാക്കൾ പലരും സതീശനേയും ചെന്നിത്തലയേയും പിന്തുണച്ച് സംസാരിച്ചതോടെയാണ് മുഖ്യമന്ത്രി ചർച്ച സജീവമായത്. എന്നാൽ വിസ്സഹായത്തിൽ തീരുമാനമെടുക്കുക ഹൈക്കമാന്റാണെന്ന് പ്രതിപക്ഷ നേതാവും സണ്ണി ജോസഫുമടക്കമുള്ള നേതാക്കൾ പ്രതികരിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് യുഡിഎഫിൽ അനൈക്യം ഇല്ലെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും. മുഖ്യമന്ത്രിയായി കോൺഗ്രസ് നിശ്ചയിക്കുന്നത് ആരെ ആയാലും ലീഗ് പിന്തുണക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീൽ ഉണ്ടായാലും യുഡിഎഫ് അതിനെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് ഡീലിനെയും മറികടക്കാൻ കഴിയുന്ന കുതിപ്പ് യുഡിഎഫ് കാഴ്ചവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തി മതേതര വോട്ട് ഭിന്നിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും, വോട്ട് ഭിന്നിച്ച് പോകാതിരിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു പ്രതിഭ എംഎൽഎയ്ക്ക് എത്തിയ അധിക്ഷേപ പരാമർശം നടത്തിയ എംഎൽഎയ്ക്ക് എതിരെ നടപടി എടുത്തുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം പ്രവണതകൾ ലീഗ് വെച്ച് പൊറുപ്പിക്കില്ലെന്നും കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.